പരാതിയില്ലെന്ന ന്യായവുമായി എൻടിഎ
നീറ്റ് പുന:പരീക്ഷയിലും പിഴവുകൾ, നെറ്റ് ഇംഗ്ലീഷ് പേപ്പറിൽ 67 ചോദ്യങ്ങൾ ആവര്‍ത്തിച്ചു, വലഞ്ഞ് വിദ്യാര്‍ഥികൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം ജൂൺ 21-ന് നടത്തിയ നീറ്റ്-യുജി പുനഃപരീക്ഷയിലും പിഴവുകൾ. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് ഗുരുതരമായ പിഴവുകൾ വിദ്യാര്‍ഥികൾ ചൂണ്ടികാട്ടി. ഇതിനിടെ ദേശീയ പ്രവേശന പരീക്ഷാ ഏജൻസിയായ എൻടിഎ നടത്തിയ മറ്റൊരു പരീക്ഷയായ യുജിസി നെറ്റ് ചോദ്യ പേപ്പറുകളിലും ഗുരുതരമായ പിഴവുകൾ ആവര്‍ത്തിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനം നൊന്ത് നിരാശയിൽ നിന്ന് കരകയറാനാവാതെ 19 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കറിച്ചുള്ള അന്വേഷണം ചോദ്യങ്ങൾ തയാറാക്കിയവരിലും തര്‍ജമ ചെയ്തവരിലും തട്ടിപ്പിന്റെ ഇടനിലക്കാരിലും ഒതുങ്ങി നിൽക്കുന്നു. എൻടിഎ പിഴവുകൾ ഉത്തരവാദിത്തമില്ലാതെ ആവര്‍ത്തിക്കയാണ്.
നീറ്റിൽ വീണ്ടും
നീറ്റ് പുന:പരീക്ഷയിൽ ഫിസിക്സ് പേപ്പറിൽ ഒരു ചോദ്യത്തിന് നൽകിയിട്ടുള്ള നാല് ഓപ്ഷനുകളിൽ ഒന്നും തന്നെ ശരിയല്ലെന്നാണ് കണ്ടെത്തൽ. മറ്റൊരു ചോദ്യത്തിന് നൽകിയിട്ടുള്ള ഓപ്ഷനുകളിൽ രണ്ടെണ്ണം ശരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉത്തരമില്ലാത്ത ചോദ്യം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പൂർണ്ണമായും ഒഴിവാക്കുമെന്നാണ് സൂചന. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും നാല് ബോണസ് മാർക്കുകൾ വീതം ലഭിക്കും. രണ്ട് ശരിയുത്തരം എഴുതിയ ചോദ്യത്തിന് ഈ രണ്ട് ഉത്തരങ്ങളിൽ ഏത് എഴുതിയവർക്കും മാർക്ക് നൽകാനാണ് തീരുമാനം.

പുന:പരീക്ഷയിലും പിഴവുകൾ ആവര്‍ത്തിച്ചത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരങ്ങൾ നടക്കുന്ന സാഹചര്യമാണ്. വിവാദങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കയുമാണ്. ഇതിനിടെ ചോദ്യപേപ്പറിൽ വീണ്ടും ഇത്തരം അപാകതകൾ കണ്ടെത്തിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ ഏജൻസിയുടെ നിലവാരത്തകര്‍ച്ച അപമാനകരമായും മാറുന്നു.
യുജിസി നെറ്റ് പരീക്ഷ
കുട്ടിക്കളിയാക്കി
യുജിസി നെറ്റ് ഇംഗ്ലീഷ് പരീക്ഷയിൽ 150 ചോദ്യങ്ങളിൽ 67 എണ്ണം ചോദ്യ കര്‍ത്താവ് കോപ്പിയടിച്ചതാണെന്ന് കണ്ടെത്തി. 2024 ലെ ചോദ്യ പേപ്പര്‍ അതേപടി പകര്‍ത്തുകയായിരുന്നു. ബഹുഉത്തര മാതൃകയിൽ തയാറാക്കിയ ചേദ്യത്തിനൊപ്പം നൽകിയ ഓപ്ഷനുകൾക്ക് പോലും മാറ്റമില്ല. ഇതോടൊപ്പം സോഷ്യോളജി, സൈക്കോളജി പേപ്പറുകളിൽ കേട്ടുകേൾവിയില്ലാത്ത അബദ്ധങ്ങൾ കടന്നു കൂടി.
ഈ രണ്ടു വിഷയങ്ങളിലെയും പ്രമുഖ ചിന്തകരുടെ പേരുകൾ പോലും തെറ്റിച്ചു. സോഷ്യോളജിയിലെ സോഷ്യൽ എന്ന വാക്ക് ഓവൽ എന്നായി. രാജ്യത്തെ പ്രശസ്ത സോഷ്യോളജിസ്റ്റ് എ ആര്‍ ദേശായിയുടെ പേര് എ കെ ദേശായി എന്നാണ് അച്ചടിച്ചത്. ഇൻട്രൊഡക്ഷൻ ടു സോഷ്യോളജി , എസെൻഷ്യൽസ് ടു സോഷ്യോളജി തുടങ്ങി പ്രമുഖ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ജോര്‍ജ് റിറ്റ്സറു (George Ritzer)ടെ പേര് 'പുറ്റ്സര്‍' എന്നാക്കി. ഇവ മാത്രമല്ല ഒരു ബന്ധവുമില്ലാത്ത പുസ്തകങ്ങളുടെയും വ്യക്തികളുടെയും പേരുകളും ആവര്‍ത്തിച്ചു. മാത്രമല്ല മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിമാരുടെ പേരുകൾ കാലക്രമത്തിൽ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുള്ളത് ഉൾപ്പെടെ അപ്രസ്തമായ വിഷയങ്ങളും ചോദ്യ പേപ്പറിൽ തിരുകി കയറ്റി.
ചോദ്യപേപ്പറുകളുടെ എല്ലാം ഹിന്ദി തര്‍ജമ നൽകിയത് വിദ്യാര്‍ഥികൾക്കിടയിൽ നിരാശയും ചിരിയുമായി. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള തര്‍ജമയാണ് ഉപയോഗിച്ചതെന്ന് അവര്‍ പരാതിപ്പെട്ടു. മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമായിട്ടും ഏറ്റവും അബദ്ധം തര്‍ജമ സഹായിയാണ് പ്രയോജനപ്പെടുത്തിയത്. ഇതോടെ ചോദ്യ പേപ്പര്‍ തന്നെ ഏത് ഭാഷിയിലാണെന്ന് സംശയം തോന്നാവുന്ന നിലയിലായി.
കോളേജ് അധ്യാപക നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനുമുള്ള യോഗ്യത നിശ്ചയിക്കുന്നതിന് യുജിസിക്ക് വേണ്ടി നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ് നെറ്റ്. റീസണിങ് എബിലിറ്റിയും പൊതുവിജ്ഞാനവും ഉൾപ്പെടുന്ന എല്ലാവര്‍ക്കുമായുള്ള ഒരു പേപ്പറും അതത് വിഷയങ്ങളിലെ രണ്ടാം പേപ്പറുമായാണ് ഈ പരീക്ഷ ക്രമപ്പെടുത്തിയിട്ടുള്ളത്. എൻടിഎ നിലവിൽ വന്ന ശേഷം ഈ പരീക്ഷയും അവരുടെ ഉത്തരവാദിത്തത്തിലായി.











0 comments