സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ക്രൂയിസിൽ നോറോവൈറസ് ബാധ; 125 പേര്‍ക്ക് രോഗം ബാധിച്ചു

സാൻ ഫ്രാൻസിസ്കോ : വ്യാഴാഴ്ച സാൻ ഫ്രാൻസിസ്കോയിൽ നങ്കൂരമിട്ട പ്രിൻസസ് ക്രൂയിസ് കപ്പലിലെ 120 ലധികം യാത്രക്കാർക്കും ജീവനക്കാർക്കും യാത്രയ്ക്കിടെ നോറോ വൈറസ് ബാധയേറ്റതായി ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കാനഡയിലേക്കും അലാസ്കയിലേക്കും 20 ദിവസത്തെ റൗണ്ട് ട്രിപ്പ് യാത്രയിലായിരുന്ന റൂബി പ്രിൻസസ് എന്ന കപ്പലിലാണ് നോറോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 102 യാത്രക്കാരും 23 ജീവനക്കാരുമടക്കം 125 പേർക്കാണ് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായതെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
ഭക്ഷണത്തിലൂടെയോ സമ്പർക്കത്തിലൂടെയോ വളരെ പെട്ടെന്ന് പകരുന്ന വൈറസാണ് നോറോവൈറസ്. സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ രോഗം മാറുമെങ്കിലും പ്രായമായവർ, കുട്ടികൾ, മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഗുരുതരമാകാൻ സാധ്യതയുണ്ട്. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ജൂൺ 12 ന് യാത്ര തിരിച്ച റൂബി പ്രിൻസസിൽ നിന്ന് ശനിയാഴ്ചയാണ് സിഡിസിയെ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്. കപ്പലിൽ 3,032 യാത്രക്കാരും 1,144 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. രോഗബാധിതരായ എല്ലാവരും ഒരേ സമയത്ത് അസുഖബാധിതരായിരുന്നില്ലെന്നും കപ്പൽ തുറമുഖത്ത് എത്തിയപ്പോഴോ പുറപ്പെട്ടപ്പോഴോ എല്ലാവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
രോഗബാധയെ തുടർന്ന് കപ്പലിൽ ശുചീകരണ നടപടികൾ ശക്തമാക്കിയതായി പ്രിൻസസ് പ്രിൻസസ് ക്രൂയിസ് പ്രസ്താവനയിൽ പറഞ്ഞു. അടുത്ത യാത്രയ്ക്കു മുമ്പ് കപ്പൽ പൂർണമായി വൃത്തിയാക്കി അണുനശീകരണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി. ഈ വർഷം ഇതുവരെ, സിഡിസിയുടെ അധികാരപരിധിയിലുള്ള ക്രൂയിസ് കപ്പലുകളിൽ ഏഴ് തവണയോളം രോഗബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തതായി അധികൃതർ പറയുന്നു. ഇതിൽ കൂടുതലും നോറോവൈറസ് ബാധയാണ്. രോഗബാധിതരായ ആളുകളുമായി ഭക്ഷണം അല്ലെങ്കിൽ പാത്രങ്ങൾ പങ്കിടുന്നത് പോലുള്ള നേരിട്ടുള്ള മാർഗങ്ങളിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. മലിനമായ പ്രതലങ്ങളിലൂടെയും വൈറസ് പടരാം.
ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നോറോവൈറസ് അണുബാധ തടയുന്നതിൽ പ്രധാനമാണെന്ന് സിഡിസി അറിയിച്ചു. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് കൈ കഴുകണമെന്നും സാനിട്ടൈസർ മാത്രം ഉപയോഗിക്കുന്നത് വൈറസിനെ പ്രതിരോധിക്കില്ലെന്നും സിഡിസി പറയുന്നു.











0 comments