ad
Deshabhimani

സമാധാന ചര്‍ച്ചകൾക്കിടെ ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യു എസ്

90

ഫോട്ടോ കടപ്പാട് എപി

വെബ് ഡെസ്ക്

Published on Jul 03, 2026, 12:04 PM | 3 min read

വാഷിംഗ്‌ടൺ: ഏപ്രിലിൽ ആരംഭിച്ച ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ ചർച്ചകൾ അട്ടിമറിക്കുന്നതിനായി മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫുമായിരുന്നു ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇസ്രായേലിന്റെ ഈ നീക്കങ്ങളെ കുറിച്ച് ഇറാന് മുന്നറിയിപ്പ് നൽകാൻ അമേരിക്ക പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. നിലവിലുള്ളതും മുൻകാലങ്ങളിലുമുള്ള യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തൽ.


ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചപ്പോൾ ഇറാന്റെ കമാൻഡ് ഘടന തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ നീങ്ങിയത്. അക്കാലത്ത് അരാഗ്ചിയും ഗാലിബഫും ഇസ്രായേലിന്റെ ലക്ഷ്യപട്ടികയിൽ ഉണ്ടായിരുന്നു. ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി കമാൽ ഖരാസി, ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരെ ഇസ്രായേൽ വധിക്കുകയും ചെയ്തിരുന്നു.


ചർച്ചകൾക്ക് നേതൃത്വം നൽകാൻ യോഗ്യരായ അരാഗ്ചിയും ഗാലിബഫും കൊല്ലപ്പെട്ടാൽ പിന്നീട് സമാധാന ചർച്ചകൾക്ക് ആരും അവശേഷിക്കില്ലെന്ന് പാകിസ്ഥാൻ വാഷിംഗ്‌ടണ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് മാർച്ചിൽ പാകിസ്ഥാന്റെ ആവശ്യപ്രകാരം യുഎസ് ഇടപെട്ട് ഇവരെ ഹിറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് പാലിക്കപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്ക് വിവരം നൽകുകയായിരുന്നു.


എന്നാൽ അമേരിക്കയും ചേര്‍ന്നാണ് ഇറാനിലെ ഏറ്റവും വിനാശങ്ങൾക്ക് ഇടയാക്കിയ ആക്രമണങ്ങൾ എല്ലാം നടത്തിയത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയം ആക്രമിച്ച് നൂറിൽ അധികം കുട്ടികളെ കൊലപ്പെടുത്തിയതും അമേരിക്കൻ സൈന്യമായിരുന്നു. ആക്രമണ വിവരം ചോര്‍ത്തി നൽകിയതായി പറയുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾ ഒന്നും തന്നെ ഈ വാര്‍ത്ത ശരിവെച്ചിട്ടില്ല. പ്രതികരണങ്ങൾ ഉണ്ടായിട്ടുമില്ല.


യുഎസ് ആശങ്കയും

ഇസ്രായേലിന്റെ രഹസ്യ നീക്കവും


ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയ്ക്ക് ഒപ്പം ആരംഭിച്ച യുദ്ധത്തിൽ ഇറാന്റെ ഭരണകൂടത്തെ താഴെയിറക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഈ രണ്ടു നേതാക്കളും ഇസ്രായേലിന്റെ ലക്ഷ്യപട്ടികയിൽ ഉണ്ടായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.


എന്നാൽ ഏപ്രിലിൽ സമാധാന ചർച്ചകൾ ആരംഭിച്ചതോടെ ഇവരെ വധിക്കുന്നത് ചർച്ചകൾ പൂർണ്ണമായി തകർക്കുമെന്നും യുദ്ധം വീണ്ടും രൂക്ഷമാക്കുമെന്നും അമേരിക്ക ആശങ്ക ഉന്നയിച്ചു. യുഎസിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മാർച്ചിൽ ഇവരെ ഇസ്രായേലിന്റെ ടാർഗെറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് വാര്‍ത്ത.


കൊല തുടങ്ങി

അവസരം കാത്തിരുന്നു


ഇറാന്റെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി, മുൻ വിദേശകാര്യ മന്ത്രി കമാൽ ഖരാസി എന്നിവരുമായി ട്രംപ് ഭരണകൂടം ചർച്ചകൾ നടത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ചർച്ചകളുടെ തുടക്കം തന്നെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. ഇതേ ലിസ്റ്റിൽ അവശേഷിക്കുന്ന നേതാക്കളും അന്നുതന്നെ ഉൾപ്പെട്ടരുന്നു.


പലസ്തീനിൽ ചെയ്തത് പോലെ ശുദ്ധീകരണ ആക്രമണങ്ങൾ നടത്തി ഇറാനും ലെബനനും ഉൾപ്പെടുന്ന മേഖലയിലെ ഭരണകൂടങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റി പ്രതിഷ്ഠിക്കയായിരുന്നു ഇസ്രയേൽ ലക്ഷ്യം. മുൻ അമേരിക്കൻ പ്രസിഡന്റുമാര്‍ എല്ലാം തള്ളിയ ഈ യുദ്ധാവശ്യം ഡൊണൾഡ് ട്രംപ് ഏറ്റെടുക്കുകയായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ ഏകപക്ഷീയ നീക്കത്തിനെതിരെ പ്രതിഷേധങ്ങളും മുന്നറിയിപ്പും നേരിടേണ്ടി വന്നു.


സമാധാന ശ്രമങ്ങളും

ഇസ്രായേലിന്റെ രഹസ്യ നീക്കങ്ങളും


യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയും ഇസ്രായേലും ഒരേ നിലപാടിലായിരുന്നു. സമാധാന ചർച്ചകളോടെ ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ ഭിന്നിച്ചു. ജൂണിൽ യുഎസും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള പ്രാഥമിക കരാറിൽ എത്തി. സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ മുന്നേറിയത്.


എന്നാൽ ഈ സമാധാന ശ്രമങ്ങളെ ഇസ്രായേൽ ശക്തമായി എതിർത്തു. ഈ കരാർ ഇറാന് കോടിക്കണക്കിന് ഡോളർ ലഭ്യമാക്കുമെന്നും ആണവ മോഹങ്ങൾക്ക് തടയിടാതെ ഇറാൻ കൂടുതൽ ശക്തമായി തിരിച്ചുവരാൻ സഹായിക്കുമെന്നും ഇസ്രായേൽ ആവര്‍ത്തിച്ചു.


ഗാലിബഫിന്റെ രക്ഷപ്പെടലുകൾ


ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് പലതവണയായുള്ള വധശ്രമങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 2025-ലെ 12 ദിവസത്തെ യുദ്ധത്തിലും, ഈ വർഷം തുടക്കത്തിലും ആക്രമണം ഉണ്ടായി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.


യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി ചർച്ച നടത്തിയ ശേഷം ഗാലിബഫ് മടങ്ങിവരുമ്പോൾ അദ്ദേഹം സഞ്ചരിച്ച വിമാനത്തെ ലക്ഷ്യമിട്ട് രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി ഇറാൻ ഇന്റലിജൻസ് കണ്ടെത്തിയ സംഭവം ഉണ്ടായി. തുടർന്ന് വിമാനം പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള മഷ്ഹദ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് റോഡ് മാർഗ്ഗമാണ് അദ്ദേഹം ടെഹ്‌റാനിലെത്തിയത്. ഇത് വാര്‍ത്തയാവുകയും ചെയ്തു. ഈ വധശ്രമ ഭീഷണികൾ നിലനിൽക്കുമ്പോഴും മെയ് മാസത്തിൽ ഗാലിബഫും അരാഗ്ചിയും ഖത്തറിലും സ്വിറ്റ്‌സർലൻഡിലും നടന്ന സമാധാന ചർച്ചകളിൽ പങ്കെടുത്തു.


അമേരിക്കയുടെയും ഇസ്രയേലിന്റെയും

ലക്ഷ്യങ്ങൾ വൈരുദ്ധ്യത്തിലായി


യുദ്ധം മുന്നേറിയപ്പോൾ അപ്രതീക്ഷിത തലങ്ങളിലേക്ക് അതിന്റെ ഫലങ്ങൾ മാറുകയായിരുന്നു. അമേരിക്കയും ഇസ്രയേലും ലക്ഷ്യമാക്കിയ തലങ്ങളിൽ നിന്നും മാറി. ലോകം തന്നെ പ്രതിസന്ധിയിലായ ഘട്ടം വന്നു. ഇതോടെ തുടക്കം മുതൽ സ്വന്തം രാജ്യത്ത് തന്നെ പ്രതിഷേധം നേരിട്ട ട്രംപ് നിലപാട് മയപ്പെടുത്തി. സമാധാന മുഖം പുറത്തെടുത്തു. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് പരാജയപ്പെടുകയും ഗാസ സമാധാന കരാര്‍ നിലനിൽക്കെ ഇസ്രയേൽ അവിടെ വംശീയ യുദ്ധം നിര്‍ബാധം തുടരുകയും ചെയ്യുന്ന സാഹചര്യം ട്രംപിന് മുന്നിൽ ഉണ്ടായിരുന്നു.


എന്നാൽ ഇസ്രയേലിൽ നെതന്യാഹു വലിയ സമ്മര്‍ദ്ദത്തിലായി. ഗാസ വംശീയ യുദ്ധം രാജ്യത്തെ മുഴുവൻ വിദ്വേഷം വമിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചു. ഇതോടെ ഇറാനിലും വഴിപ്പെടാൻ കഴിയാത്ത സാഹചര്യം നേരിട്ടു. മാത്രമല്ല പശ്ചിമേഷ്യൻ രാജ്യങ്ങൾ മിക്കതും ഇസ്രയേലിന് എതിരായി. ഈ സാഹചര്യത്തിൽ ശുദ്ധീകരണ പ്രക്രിയയിൽ ഉറച്ചു നിൽക്കുക എന്നതായി ഇസ്രയേൽ ലക്ഷ്യം മാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home