ഒമ്പത് വർഷത്തിന് ശേഷം ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്ക്; മത്സരക്രമം പ്രഖ്യാപിച്ചു

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം |Photo:BCCI
മുംബൈ : നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക്. 2025-27 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 15നാണ് ആരംഭിക്കുന്നത്.
ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുക. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും. പരമ്പരയിൽ വൈറ്റ് ബോൾ (ഏകദിന, ട്വന്റി20) മത്സരങ്ങൾ കൂടി ഉൾപ്പെടുത്താൻ ബിസിസിഐയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും മുൻപ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
2017ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിച്ചത്. അന്ന് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലുണ്ടായിരുന്ന ഇന്ത്യൻ ടീം 3-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു.
അന്ന് ലങ്കയിൽ കളിച്ച ടീമിൽ നിന്ന് നിലവിൽ ടെസ്റ്റ് ഫോർമാറ്റിൽ സജീവമായി തുടരുന്നത് കെഎൽ രാഹുലും കുൽദീപ് യാദവും മാത്രമാണ്. ഇവരൊഴികെ ടീമിലെ മറ്റുള്ളവരെല്ലാം ശ്രീലങ്കൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് കളിക്കുന്ന പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ പരമ്പരയിലെ വിജയം അത്യന്താപേക്ഷിതമാണ്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ്. അടുത്തിടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിച്ചിരുന്നെങ്കിലും അത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നില്ല.
കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലേറ്റ കനത്ത തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയാണിത്. നിലവിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യ ഇതുവരെ മൂന്ന് പരമ്പരകളാണ് പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 ന് സമനിലയിലായപ്പോൾ, ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെ 2-0 ന് പരാജയപ്പെടുത്തി. എന്നാൽ തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയോട് പരമ്പര നഷ്ടപ്പെടുകയായിരുന്നു. ലങ്കൻ മണ്ണിൽ വിജയം ആവർത്തിച്ച് പോയിന്റ് പട്ടികയിൽ മുന്നേറാനുറച്ചാകും ഗില്ലും സംഘവും പാഡണിയുക.










0 comments