വെനസ്വേല ഭൂകമ്പം: മരണസംഖ്യ 2,595 കടന്നു; ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

വെനസ്വേലയിലെ ലാ ഗ്വൈറ - കാരബല്ലേഡയിൽ ഭാഗികമായി തകർന്ന ഒരു കെട്ടിടം | Photo by MARTIN BERNETTI / AFP
കരാക്കസ് : വെനസ്വേലയിലുണ്ടായ ഭൂകമ്പങ്ങളിൽ 2,595 പേർ മരണപ്പെടുകയും 12,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. രാജ്യത്ത് 189 കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നതായും പ്രസിഡന്റ് പറഞ്ഞു. രാജ്യത്തുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ ഇരയായവരോടുള്ള ആദരസൂചകമായി ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഭൂകമ്പത്തെത്തുടർന്നുണ്ടായ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ജീവനക്കാർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരോട് എത്രയും വേഗം 'പാട്രിയ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ലാ ഗ്വൈറയിൽ - 13, കാരക്കാസിൽ - എട്ട്, മിരാൻഡയിൽ - രണ്ട്, കാരബോബോയിൽ - ഒന്ന്, യാരാകുയിയിൽ - ഒന്ന് എന്നിങ്ങനെ ആകെ 25 താൽകാലിക ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡെൽസി പറഞ്ഞു. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ വേഗത്തിൽ ഒരുക്കുന്നതിനും ദുരന്തബാധിതരെ അങ്ങോട്ട് മാറ്റുന്നതിനുമുള്ള നടപടികൾ അധികൃതർ ദ്രുതഗതിയിൽ നടത്തിവരികയാണെന്ന് ഡെൽസി വ്യക്തമാക്കി.
ജൂൺ 24 മുതൽ വെനസ്വേലയിൽ 782 തുടർച്ചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയുടെ ആവൃത്തിയും തീവ്രതയും ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഈ വലിയ ദുരന്തത്തിൽ കഷ്ടപ്പെടുന്നവരെ ഞങ്ങൾ ചേർത്തുപിടിക്കുന്നു. അവരെ പിന്തുണയ്ക്കാനും സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പുനൽകുന്നു. വിനാശകരമായ ഈ ഭൂകമ്പങ്ങൾ ഉണ്ടാക്കിയ മനുഷ്യജീവന്റെ നഷ്ടങ്ങളിൽ വെനസ്വേലയുടെ ആത്മാവ് തകർന്നിരിക്കുകയാണ്, ഡെൽസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച കരാക്കസിന് വടക്കുഭാഗത്തായി റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളാണ് ഉണ്ടായത്. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.










0 comments