ടോൾ പ്ലാസയിൽ പാചക വാതകലോറിക്ക് തീപിടിച്ചു: നാല് മരണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ടോൾ പ്ലാസയ്ക്ക് അകത്ത് എൽപിജി ടാങ്കർ ലോറിക്ക് തീപിടിച്ച് നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോഖ്‌രാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ സിഹോരി ടോൾ പ്ലാസ കടന്നു പോകുന്നതിനിടെയാണ് അപകടം നടന്നത്.
കാൻപൂരിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ടോൾ ബൂത്തുകൾ വേര്‍തിരിക്കുന്ന ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേത്തുടർന്ന് ടാങ്കറിലുണ്ടായിരുന്ന പാചകവാതകം ചോര്‍ന്ന് പുക നിറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ തുടങ്ങുന്നതിനിടെ നിമിഷങ്ങൾക്കകം പ്രദേശമാകെ വൻ തീയിൽ മുങ്ങി. പുലര്‍ച്ചെ സമയം ആയതും തൊട്ടടുത്ത് മറ്റ് യാത്രാ വാഹനങ്ങൾ ഇല്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ടോൾ ബൂത്തുകളിലും ഈ സമയത്ത് ജീവനക്കാര്‍ കുറവായിരുന്നത് ആശ്വാസമായി. ടാങ്കർ ഡിവൈഡറിലേക്ക് ഇടിക്കുന്നതിന്റെയും തുടർന്ന് വൻ തീപിടിത്തം ഉണ്ടാകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവറും മൂന്ന് ടോൾപ്ലാസ
ജീവനക്കാരും മരിച്ചു
ടാങ്കർ ഡ്രൈവറായ മിർസാപൂർ സ്വദേശി ധർമേന്ദ്ര ദ്വിവേദി അപകടസ്ഥലത്തുതന്നെ മരിച്ചു. തീപിടിത്തത്തെ തുടർന്ന് ക്യാബിനിൽ കുടുങ്ങിപ്പോയ ഇയാൾക്ക് പുറത്തുകടക്കാനായില്ല. പരിക്കേറ്റ് ചികിത്സയിലായിരുന്ന ടോൾ പ്ലാസ ജീവനക്കാരായ അലോക് സിംഗ്, ഹീരാമണി സിംഗ് (റായ്ബറേലി സ്വദേശി), കൃഷ്ണപാൽ മൗര്യ (ലളിത്പൂർ സ്വദേശി) എന്നിവരാണ് ആശുപത്രിയിൽ മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ച് ടോൾ പ്ലാസ ജീവനക്കാരെ പ്രയാഗ്‌രാജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലായ രണ്ട് ജീവനക്കാർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.











0 comments