ഇറാൻ പരമോന്നത നേതാവായി മൊജ്തബയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ, യുഎസിനും ഇസ്രയേലിനും വിമർശനം

പ്യോങ്യാങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്ത നടപടിയെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനുമേൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക ആക്രമണങ്ങളെ ഉത്തര കൊറിയ ശക്തമായി അപലപിച്ചു.
ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും രാഷ്ട്രീയ വ്യവസ്ഥിതിയെയും ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പുതിയ പരമോന്നത നേതാവായി ഇറാൻ തിരഞ്ഞെടുത്തത്.
നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാന്റെ അവകാശത്തെ തങ്ങൾ ബഹുമാനിക്കുന്നു. ഇറാനെതിരായ ഇസ്രയേലിന്റെയും യുഎസിന്റെയും നീക്കങ്ങൾ മേഖലയിലെ സമാധാനം തകർക്കുന്നതും ആഗോളതലത്തിൽ അസ്ഥിരതയുണ്ടാക്കുന്നതുമാണെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ലോകരാജ്യങ്ങൾ ഒന്നടങ്കം ഈ ആക്രമണങ്ങളെ എതിർക്കണമെന്നും പ്യോങ്യാങ് ആവശ്യപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഉത്തര കൊറിയ പുതിയ പടക്കപ്പലിൽ നിന്ന് ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതും ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്ന് ചൈനയും നേരത്തെ വ്യക്തമാക്കിയിരുന്നു.










0 comments