ദീർഘദൂര ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

സിയോൾ: തന്ത്രപ്രധാനമായ ദീർഘദൂര ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി അടുത്ത വർഷം നടത്താൻ നിശ്ചയിച്ച സമ്മേളനത്തിന് മുന്നോടിയായാണ് ശക്തിപ്രകടനം. രാജ്യത്തിന്റെ ആണവ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ചത്തെ വിക്ഷേപണങ്ങൾ ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ആയുധ പ്രദർശനമാണ്.
കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് മിസൈൽ വിക്ഷേപണങ്ങൾ നടന്നതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളടക്കം പരീക്ഷിക്കുന്നതിന് യുഎൻ രക്ഷാസമിതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മിസൈലുകൾ തന്ത്രപരമായി കൈകാര്യം ചെയ്യാൻ കഴിയുന്നതും റഡാർ കണ്ടെത്തുന്നത് ഒഴിവാക്കാൻ താഴ്ന്ന ഉയരത്തിൽ പറക്കാന്‍ കഴിയുന്നതുമാണ്. ആയതിനാൽ ഇവ യുഎസിനും ദക്ഷിണ കൊറിയയ്ക്കും ഭീഷണിയാണ്. സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ യുഎസ് യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കാൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.










0 comments