ad
Deshabhimani

ഉത്തരകൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈലെന്ന് ദക്ഷിണ കൊറിയ

north korea missile
വെബ് ഡെസ്ക്

Published on Oct 22, 2025, 12:20 PM | 2 min read

സിയോൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ സൈനിക മേധാവി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് കരുതുന്ന വാർഷിക ഏഷ്യ-പസഫിക് സാമ്പത്തിക സമ്മേളനത്തിന് ദക്ഷിണകൊറിയ വേദിയാവാനിരിക്കെയാണ് ഇത്.


പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈൽ ആണ്. ഇത് കിഴക്കോട്ടാണ് വിക്ഷേപിച്ചതെന്നും ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ പ്രസ്താവനയിൽ പറയുന്നു. പ്യോങ്‌യാങ്ങിന് തെക്കുള്ള ഒരു പ്രദേശത്ത് നിന്ന് വിക്ഷേപിച്ച ഒന്നിലധികം ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായും വടക്കുകിഴക്കൻ ഭാഗത്തേക്ക് ഏകദേശം 350 കിലോമീറ്റർ (220 മൈൽ) പറന്നതായും ദക്ഷിണ കൊറിയൻ സൈന്യം പ്രസ്താവനയിൽ പറയുന്നു.


ഉത്തര കൊറിയ നടത്തിയതായി പറയുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം അവരുടെ ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമാണ്. ജൂണിൽ ലീ അധികാരമേറ്റതിനുശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യത്തെ മിസൈൽ പരീക്ഷണം കൂടിയാണിത്. വിക്ഷേപണങ്ങളെക്കുറിച്ച് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.


ലോക നേതാക്കൾ എത്തുന്നതിന് മുമ്പ്


ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി ട്രംപ് ഗ്യോങ്ജുവിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.


2019 ൽ ട്രംപുമായുള്ള ആണവ നയതന്ത്ര ചർച്ച പരാജയപ്പെട്ട ശേഷം ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങളുടെ വേഗത ത്വരിതപ്പെടുത്തി. ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തിനുള്ള ആവശ്യം യുഎസ് ഉപേക്ഷിച്ചാൽ ചർച്ചകളിലേക്ക് മടങ്ങാമെന്ന് കിം പറഞ്ഞിരുന്നു.


ഈ മാസം ആദ്യം പ്യോങ്‌യാങ്ങിൽ നടന്ന വമ്പിച്ച സൈനിക പരേഡിൽ ഉത്തര കൊറിയ ഒരു പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ 80-ാം വാർഷികം ആഘോഷിക്കുന്ന പരേഡ് ആയിരുന്നു.


കഴിഞ്ഞ മാസം ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നടന്ന സൈനിക പരേഡിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പം കിം പങ്കെടുത്തിരുന്നു.


ഒക്ടോബർ 10 ലെ പരേഡിൽ ഹ്വാസോങ്-20 ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടുത്തിയതായി ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ വെളിപ്പെടുത്തുകയുണ്ടായി. ഇതിനെ രാജ്യത്തിന്റെ "ഏറ്റവും ശക്തമായ ആണവ തന്ത്രപരമായ ആയുധ സംവിധാനം" എന്ന് അവർ വിശേഷിപ്പിച്ചു. യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തുന്നതിനായി ഒന്നിലധികം ആണവ വാർഹെഡുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഐസിബിഎം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വരും മാസങ്ങളിൽ ഉത്തരകൊറിയ ഇത് പരീക്ഷിച്ചുനോക്കുമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home