ഇനി എണ്ണ ലഭിക്കില്ലെന്ന് ട്രംപ്; ക്യൂബ എന്ത് ചെയ്യണമെന്ന് 'ഒരാളും പഠിപ്പിക്കേണ്ടെ'ന്ന് മിഗ്വേൽ ഡിയാസ് കനേൽ

വാഷിങ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി ന്യൂയോർക്കിൽ തടവിലാക്കിയതിന് പിന്നാലെ ക്യൂബയ്‌ക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. എത്രയും വേഗം ഒരു കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ വെനസ്വേലയിൽനിന്ന് എണ്ണയോ പണമോ ഇനി ക്യൂബയ്‌ക്ക് ലഭിക്കില്ലെന്നാണ് ഭീഷണി. ‘ക്യൂബ വർഷങ്ങളോളം വെനസ്വേലയിൽനിന്നുള്ള എണ്ണയും പണവും ഉപയോഗിച്ചാണ് ജീവിച്ചത്. വെനസ്വേലയ്‌ക്ക് സുരക്ഷയും നൽകി. അമേരിക്കയുടെ സുരക്ഷയിലാണ് ഇനി വെനസ്വേല. യുഎസുമായി എത്രയും വേഗം കരാറിലെത്തിയില്ലെങ്കിൽ വെനസ്വേലയിൽനിന്ന് ഇനി ഒന്നും ലഭിക്കില്ല’ ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
ക്യൂബയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് വെനിസ്വേല. ജനുവരി ആദ്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിനുശേഷം വെനിസ്വേലൻ തുറമുഖങ്ങളിൽ നിന്ന് രാജ്യത്തേക്ക് ഒരു ചരക്കും പോയിട്ടില്ലെന്നാണ് ഷിപ്പിങ് ഡാറ്റ വ്യക്തമാക്കുന്നത്. കാരക്കാസും വാഷിംഗ്ടണും തമ്മിൽ 2 ബില്യൺ ഡോളറിന്റെ എണ്ണക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ കരാർ പ്രകാരം 50 ദശലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ യുഎസിന് വിതരണം ചെയ്യും. ഇതിൽ നിന്നുള്ള വരുമാനം യുഎസ് ട്രഷറിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അക്കൗണ്ടുകളിലായിരിക്കും നിക്ഷേപിക്കുക. അമേരിക്കൻ ഭരണകൂടത്തിന്റെ അധിനിവേശത്തിലൂടെ വെനിസ്വേലൻ നേതൃത്വവുമായി ഉടലെടുക്കുന്ന പുതിയ നയതന്ത്ര ബന്ധത്തിന്റെ നിർണ്ണായക പരീക്ഷണമായിരിക്കും ഈ നീക്കം.
ക്യൂബയിൽ ഒരു കരാർ നിർബന്ധിക്കാൻ യുഎസിന് ധാർമ്മിക അധികാരമില്ലെന്ന സൂചന നൽകി സോഷ്യൽ മീഡിയയിലൂടെ ട്രംപിന്റെ ഭീഷണി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനേൽ നിരസിച്ചു. "ക്യൂബ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. ഞങ്ങൾ എന്ത് ചെയ്യണമെന്ന് ആരും നിർദ്ദേശിക്കണമെന്നില്ല. ക്യൂബ ആരെയും ആക്രമിക്കുന്നില്ല മറിച്ച് 66 വർഷമായി അമേരിക്ക ക്യൂബയെ ആക്രമിക്കുകയാണ്. ഭീഷണിപ്പെടുത്തുന്നില്ല, ഞങ്ങൾ നേരിടാൻ തയാറെടുക്കുന്നു, അവസാന തുള്ളി രക്തം വരെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ തയ്യാറാണ്."- മിഗ്വേൽ എക്സിൽ കുറിച്ചു.










0 comments