സിഐടിയു ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

മഞ്ചേരിയിലെ ജോര്‍ജ് കെ ആന്റണി നഗറില്‍ സിഐടിയു ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
മഞ്ചേരി
സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരിയിൽ ആവേശോജ്വല തുടക്കം. ജയശ്രീ ഓഡിറ്റോറിയത്തിൽ (ജോർജ് കെ ആന്റണി നഗർ) ജില്ലാ പ്രസിഡന്റ് വി ശശികുമാർ പതാകയുയർത്തിയതോടെയാണ് രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്‌ത, വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ പ്രതിനിധീകരിച്ച് 458 പേരും ആറ് സൗഹാർദ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. വി ശശികുമാർ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ പി കെ മുരളീധരൻ സ്വാഗതം പറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ സരിത, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് ടി രാജേഷ്, ബെഫി നേതാവ് ജി കണ്ണൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എം പി അലവി തുടങ്ങിയവരും സിഐടിയു നേതാക്കളും ചടങ്ങിൽ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ എൻ ജിതേന്ദ്രൻ കണക്കും അവതരിപ്പിച്ചു. എം ബി ഫൈസൽ രക്തസാക്ഷി പ്രമേയവും പി പത്മജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ, സംസ്ഥാന സെക്രട്ടറിമാരായ സി കെ ഹരികൃഷ്‌ണൻ, ധന്യ ആബിദ്, വൈസ് പ്രസിഡന്റുമാരായ കൂട്ടായി ബഷീർ, എം മുകുന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം വി പി അനിൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വി ശശികുമാർ, വി പി സോമസുന്ദരൻ, എം മോഹൻദാസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എം പി സലീം (മിനുട്‌സ്), എം ബി ഫൈസൽ (പ്രമേയം), പി പത്മജ (ക്രഡൻഷ്യൽ), എ കെ വേലായുധൻ (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. പ്രവർത്തന റിപ്പോർട്ടിൻമേൽ പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. ഞായറാഴ്‌ച ചർച്ചകൾക്കുള്ള മറുപടിക്കും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനുംശേഷം സമ്മേളനം സമാപിക്കും. വൈകിട്ട് പതിനായിരം തൊഴിലാളികൾ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. മഞ്ചേരി ടൗൺ സ്‌ക്വയറിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത ഉദ്‌ഘാടനംചെയ്യും.
ചെറുത്തുനിൽപ്പിലൂടെയേ തൊഴിൽ സംരക്ഷിക്കാനാവൂ: ടി പി രാമകൃഷ്‌ണൻ
മഞ്ചേരി
ശക്തമായ ചെറുത്തുനിൽപ്പിലൂടെയേ തൊഴിൽ സംരക്ഷിക്കാനാവൂവെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ചെറുത്തുനിൽപ്പിന്റെ രൂപങ്ങൾ മാറണം. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായി കാലത്തിനനുസരിച്ചുള്ള സമരരൂപങ്ങളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയിൽ സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തീർത്തും തൊഴിലാളിവിരുദ്ധമായ സമീപനങ്ങളാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടേത്. ലേബർ കോഡുകളടക്കമുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്പോൾ തൊഴിലാളികളെ പിരിച്ചുവിടുകയാണ് സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ. സംസ്ഥാന സർക്കാർ ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. കേന്ദ്ര സ്കീമിനുകീഴിലെയും മറ്റ് പല വകുപ്പുകളിലെയും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയാണ്. ട്രേഡ് യൂണിയൻ ഇല്ലാത്ത വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുപോലും കേന്ദ്രനയങ്ങളിൽ സഹികെട്ട് സമരരംഗത്തിറങ്ങേണ്ടിവരുന്നു. എവിടെ തൊഴിലാളികൾ സമരരംഗത്തിറങ്ങുന്നോ അവിടെ സഹായവുമായെത്താൻ തൊഴിലാളികൾക്കാവണമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടികൾ ചെറുക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോർപറേറ്റ് അനുകൂല, തൊഴിലാളിദ്രോഹ നയങ്ങൾ അക്രമോത്സുകമായി നടപ്പാക്കുകയാണ് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ. ഇതിനെതിരെ വിവിധ മേഖലകളിലെ തൊഴിലാളികളെ അണിനിരത്തി ശക്തമായ പോരാട്ടം സംഘടിപ്പിക്കാനും സമ്മേളനം ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പാക്കാതെ ചെറുകിട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കുമേൽ അനാവശ്യ നിയന്ത്രണങ്ങളും സമ്മർദങ്ങളും അടിച്ചേൽപ്പിക്കരുത്. അങ്കണവാടി ജീവനക്കാർക്ക് പുതിയ ഉപാധികൾ അടിച്ചേൽപ്പിക്കുന്നതും ഹരിത കർമസേനയെ തകർക്കാനുള്ള നീക്കങ്ങളും അവസാനിപ്പിക്കണം. തൊഴിലുറപ്പ് മേഖലയിലും കേന്ദ്രനയങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇവരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് സിഐടിയു നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കാനും സമ്മേളനം ആഹ്വാനംചെയ്തു. തീരദേശത്തെ മുസ്ലിംലീഗ് സംഘർഷശ്രമങ്ങൾ ചെറുക്കും തീരദേശ മേഖലയെ സംഘർഷഭരിതമാക്കാനുള്ള മുസ്ലിംലീഗ് ശ്രമങ്ങളെ ചെറുക്കുമെന്നും സമ്മേളനം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ജില്ലയിലെ തീരദേശ മേഖലയിൽ സംഘർഷങ്ങൾ വർധിച്ചു. സിപിഐ എം പ്രവർത്തകൻ ജംഷീർ ബാബുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതും ഉണ്ണ്യാലിൽ 16 പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റതും ഇതിന്റെ ഭാഗമാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.









0 comments