എബിസി കേന്ദ്രം
മുണ്ടേരി ഫാമിന് പ്രതിസന്ധി

മുണ്ടേരി കൃഷി ഫാം, ചാലിയാർ പുഴ, ഇരുട്ടുകുത്തി ആദിവാസി ഉന്നതി എന്നിവ വയനാടുമായി അതിർത്തി പങ്കിടുന്ന സ്ഥലം
സ്വന്തം ലേഖകൻ
എടക്കര
തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രത്തിന് മുണ്ടേരി ഫാമില്‍ സ്ഥലം കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് നീക്കം തുടങ്ങി. സംസ്ഥാന കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍നിന്ന് ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തുനല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ധാരണയായി. മുണ്ടേരി ഫാമിലെ അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കാനാണ് നീക്കം. ഇതോടെ മുണ്ടേരി ഫാമിന്റെ വികസനം ഇല്ലാതാകുമെന്ന ആശങ്കയാണ് ഉയരുന്നത്. കാട്ടാന മേയുന്ന ഫാം കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാകുമെന്നും ഫാം അധികൃതർക്ക് ആശങ്കയുണ്ട്. വയനാട് വന്യജീവിസങ്കേതത്തിനോട് ചേർന്നാണ് മുണ്ടേരി ഫാം. കേരള, തമിഴ്നാട് അതിർത്തി വനം പങ്കിടുന്ന പ്രദേശമാണ്. വനത്തോട് ചേർന്ന് തെരുവുനായ്‌ക്കളെ എത്തിച്ചാൽ വന്യമൃഗശല്യം കൂടും. മൃഗസംരക്ഷണ വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും എബിസി കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. ചില സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും പ്രാദേശികമായ എതിര്‍പ്പ് കാരണം തുടര്‍ നടപടിയുണ്ടായില്ല. മുണ്ടേരിയിൽ കേന്ദ്രം സ്ഥാപിച്ചാലും ജില്ലയിലെ എല്ലായിടങ്ങളില്‍നിന്നും ഇവിടേക്ക് തെരുവുനായകളെ എത്തിക്കുക പ്രയാസമാകും. എല്ലാ ഘടകങ്ങളും എതിരായിട്ടും മുണ്ടേരി ഫാമിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയെന്നാണ് ആക്ഷേപം. അതിർത്തി വനത്തിൽനിന്നും ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയും പുലിയും വളർത്തുമൃഗങ്ങളെയും വളർത്തുനായകളെയുമാണ് ആക്രമിച്ച് പിടിക്കുന്നത്. തെരുവുനായകളെ കൂട്ടത്തോടെ മുണ്ടേരി ഫാമിലെത്തിക്കുന്നതോടെ വന്യമൃഗശല്യം കൂടുതൽ രൂക്ഷമായി ഫാംതന്നെ തകർച്ചയിലേക്ക് നീങ്ങും.









0 comments