ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ്
ആദ്യദിനം ഐഡിയൽ

ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ (അണ്ടർ 23) 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന കടകശേരി ഐഡിയലിന്റെ ഫർഹാന അബ്ദുൽ ഹക്കീം
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന 56-ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഒന്നാംദിനത്തിൽ ഐഡിയൽ കടകശേരിയുടെ ആധിപത്യം. അണ്ടർ -12 വിഭാഗത്തിൽ കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് 77 പോയിന്റോടെ ഒന്നാമതെത്തി. അണ്ടർ -23 വിഭാഗത്തിൽ 183 പോയിന്റ് നേടി ഐഡിയൽ കോളേജാണ് ഒന്നാംസ്ഥാനത്ത്. അണ്ടർ 12 വിഭാഗത്തിൽ 64 പോയിന്റ് നേടിയ പുത്തനത്താണി എംഇഎസ് സെൻട്രൽ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. 46 പോയിന്റുമായി മഞ്ചേരി ജിബിഎച്ച്എസ്എസ് മൂന്നാമതും 34 പോയിന്റുമായി പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ്എസുമാണ്. അണ്ടർ 23 വിഭാഗത്തിൽ തിരൂർ ടിഎംജി കോളേജാണ് 64 പോയിന്റുമായി രണ്ടാമത്. 31 പോയിന്റ് വീതം നേടിയ ഒഴുകൂർ ക്രസന്റ് എച്ച്എസ്എസും മലപ്പുറം എഎംയു സെന്ററും ചെറുകര സ്പോർട്സ് ക്ലബ്ബും മൂന്നാംസ്ഥാനം പങ്കിടുന്നു. മീറ്റ് തിങ്കളാഴ്ച സമാപിക്കും. സംസ്ഥാന കിഡ്സ് അത്‌ലറ്റിക്സ് ചെയർമാൻ കെ കെ രവീന്ദ്രൻ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. ജൂനിയർ അത്ലറ്റിക് മീറ്റിൽ ഈ വർഷംമുതൽ പുതിയതായി ഉൾപ്പെടുത്തിയ അണ്ടർ 12, അണ്ടർ 23 വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളാണ് ആദ്യദിനം നടന്നത്. മീറ്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു. കലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ അധ്യക്ഷനായി. കെ കെ രവീന്ദ്രൻ, ഷുക്കൂർ ഇല്ലത്ത്, അജയ് രാജ്, എം മുനീർ, കെ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.
100 മീറ്ററിൽ കാർത്തിക്കും ഫർഹാനയും
തേഞ്ഞിപ്പലം
ജില്ലാ ജൂനിയർ അത്‌ലറ്റിക്സിൽ കെ കാർത്തിക്കും ഫർഹാന അബ്ദുൾ ഹക്കീമും വേഗതയാർന്ന താരങ്ങൾ. അണ്ടർ 23 വിഭാഗത്തിലാണ് ഇരുവരും 100 മീറ്ററിൽ ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞകാലങ്ങളിൽ കോഴിക്കോടിനായി മത്സരിച്ചിരുന്ന കാർത്തിക് ഇത്തവണ മലപ്പുറത്തെത്തി ഐഡിയൽ കടകശേരിക്കായി ജേഴ്സിയണിഞ്ഞു. ഇഷ്ട ഇനങ്ങളായ 800, 400 മീറ്ററുകളിൽ മത്സരിക്കാതെയാണ് 100 മീറ്ററിൽ മത്സരിച്ചത്. 100ലെ ആദ്യ സ്വർണം നേടുകയുംചെയ്തു. കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിൽ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ കാർത്തിക് കഴിഞ്ഞ കലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 800 മീറ്ററിൽ മത്സരിച്ചിരുന്നു. അടുത്ത സർവകലാശാല മീറ്റിൽ 400 മീറ്ററിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോഴിക്കോട് വെള്ളിപറമ്പിൽ മഞ്ചേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ കാനംകോട്ട് സമീറിന്റെയും രാധികയുടെയും മകനാണ്. ഫിറ്റ്നസ് ട്രെയിനാറായ ഫർഹാന അബ്ദുൾ ഹക്കിം അണ്ടർ 23 പെൺകുട്ടികളുടെ വിഭാഗത്തിൽ ഐഡിയൽ കടകശേരിക്കുവേണ്ടിയാണ് ഒന്നാംസ്ഥാനം നേടിയത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽനിന്ന് ബിഎസ്‌സി പൂർത്തീകരിച്ചശേഷമാണ് തിരൂരങ്ങാടിയിൽത്തന്നെ ഫിറ്റ്നസ് ട്രെയിനറായി ജോലിചെയ്യുന്നത്. തെന്നല കാട്ടി അബ്ദുൾ ഹക്കീമിന്റെയും സൈനബയുടെയും മകളായ ഫർഹാന ലോങ് ജമ്പിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്.








0 comments