ad
Deshabhimani

കലിക്കറ്റ്‌ സർവകലാശാല ക്യാന്പസ്‌ യൂണിയൻ

ഗവേഷകരെ ഡിഎസ്‌യുവിൽ
നിന്ന്‌ ഒഴിവാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2026, 12:36 AM | 1 min read

തേഞ്ഞിപ്പലം

കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഘടന അട്ടിമറിക്കുന്നതിനുള്ള എംഎസ്‌എഫ്‌ അജൻഡ സിൻഡിക്കറ്റിൽ അവതരിപ്പിച്ച്‌ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ. ശക്തമായ പ്രതിഷേധമുയർത്തി എൽഡിഎഫ് അംഗങ്ങൾ സിൻഡിക്കറ്റ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നു. ശനിയാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിന്റെ അവസാന മണിക്കൂറിലാണ് ഔട്ട് ഓഫ് അജൻഡയായി വൈസ് ചാൻസലർ വിഷയം അവതരിപ്പിച്ചത്‌. യുഡിഎസ്എഫുകാർ ആവശ്യപ്പെടുന്ന രീതിയിലാണ്‌ ഡിഎസ്‌യു ഘടന പൊളിച്ചെഴുതുക. നേരത്തെ കൈമാറാതെയും അംഗങ്ങൾ പഠിക്കാതെയുമുള്ള അജൻഡയെ എൽഡിഎഫ് അംഗങ്ങൾ ശക്തമായി എതിർത്തു. വിശദമായ പഠനം വേണമെന്നും അതിനാൽ തീരുമാനമെടുക്കരുതെന്നുമുള്ള ആവശ്യം തള്ളിയതോടെ എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഡിഎസ്‌യുവിൽ ഗവേഷകരെ ഒഴിവാക്കാനാണ് യുഡിഎഫ് സിൻഡിക്കറ്റിന്റെ തീരുമാനം. ഇവർക്ക് സ്വന്തമായി യൂണിയൻ രൂപീകരിക്കും. നിലവിൽ സർവകലാശാലാ ക്യാമ്പസിലുള്ള സ്വാശ്രയ സെന്ററുകളിലെ വിദ്യാർഥികൾക്ക് ഡിഎസ്‌യുവിൽ അംഗത്വം നൽകും. നിലവിലുള്ള രീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ ഡിഎസ്‌യു പിടിക്കാൻ യുഡിഎസ്എഫിന്‌ സാധിക്കില്ല. ഗവേഷകരെ ഒഴിവാക്കി സ്വാശ്രയ സെന്ററുകളിലെ വിദ്യാർഥികളെ ചേർത്താൽ യൂണിവേഴ്‌സിറ്റി ക്യാന്പസിലെ യൂണിയൻ യുഡിഎസ്എഫിന്‌ പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സിൻഡിക്കറ്റിന്റെ നടപടി. എംഎസ്എഫുകാർ തയ്യാറാക്കിയ അജൻഡ അതുപോലെ യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു വൈസ് ചാൻസലർ എന്നും വിമർശമുണ്ട്‌. കഴിഞ്ഞതവണയും ഡോ. പി രവീന്ദ്രൻ ഇതേ നീക്കം നടത്തിയെങ്കിലും കോടതിയുടെ ഇടപെടലിൽ നടക്കാതെ പോകുകയായിരുന്നു. കോളേജ്, ഡിഎസ്‌യു തെരഞ്ഞെടുപ്പുകൾക്ക് കടുത്ത മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home