ad
Deshabhimani

print edition ധനമന്ത്രിമാരുടെ യോഗം; ഡൽഹിയിൽ മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടി മുഖ്യമന്ത്രി

v d satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Sep 20, 2026, 12:37 AM | 2 min read

ന്യൂഡൽഹി : കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങൾക്ക്‌ മുഖംനൽകാതെ മടങ്ങി. യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളോ, ഉന്നയിച്ച ആവശ്യങ്ങളോ വിശദീകരിച്ചുള്ള വാർത്താക്കുറിപ്പും ഉണ്ടായില്ല.


വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കറുമായും കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും വയനാട്‌ എംപിയുമായ പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ധനമന്ത്രിമാരുടെ യോത്തിലെ വിശദാംശങ്ങൾ സാധാരണ ബന്ധപ്പെട്ട മന്ത്രിമാർ വിശദീകരിക്കാറുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ മാധ്യമങ്ങളെ കണ്ടിരുന്നു.


‘വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ സാമ്പത്തികമായി എങ്ങനെ ശക്തിപ്പെടുത്താം’ എന്ന വിഷയമാണ്‌ രണ്ടുദിവസത്തെ യോഗം ചർച്ച ചെയ്‌തത്‌. കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള നയപരമായ ഏകോപനം എങ്ങനെ വിപുലീകരിക്കാം, ഇന്ത്യയുടെ ദീർഘകാല വികസനലക്ഷ്യങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തികമായ വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്‌തതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.


ധനമന്ത്രിമാർക്ക്‌ പുറമെ ധനവകുപ്പ്‌ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. ഒക്‌ടോബർ ഏഴിന്‌ ചേരുന്ന ജിഎസ്‌ടി ക‍ൗൺസിലിന്‌ മുന്നോടിയായുള്ള യോഗമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.



കേരളം ഹൗസിൽ പുതിയ നയം: മുഖ്യമന്ത്രി ഉണ്ടെങ്കിൽ വാർത്ത സമ്മേളനം


മുഖ്യമന്ത്രി ഡൽഹിയിൽ ഉണ്ടെങ്കിൽ ഇനി മറ്റാര്‍ക്കും വാർത്താസമ്മേളനങ്ങൾ അനുവദിക്കില്ലെന്ന നിലപാടുമായി കേരളാ ഹ‍ൗസ്‌ അധികൃതർ. വെള്ളിയാഴ്‌ച ഗ്ലോബൽ നായർ സമാജവും എൻഎസ്‌എസ് ഡൽഹിയും വാർത്താസമ്മേളനത്തിനായി കേരളാ ഹ‍ൗസ്‌ കോൺഫറൻസ്‌ ഹാൾ ബുക്ക്‌ ചെയ്‌തിരുന്നു.


ഞായറാഴ്‌ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന ആഗോള നായർ സമ്മേളനത്തിന്റെ വിശദാംശം അറിയിക്കാനാണ്‌ വാർത്താസമ്മേളനം നിശ്‌ചയിച്ചത്‌. എന്നാൽ, സംഘാടകർ വാർത്താസമ്മേളനത്തിനായി എത്തിയപ്പോഴാണ്‌ അധികൃതർ വിലക്കിയത്‌. കേരളാ ഹ‍ൗസ്‌ സമുച്ചയത്തിലെ കൊച്ചിൻ ഹ‍ൗസിലാണ്‌ മുഖ്യമന്ത്രി താമസിക്കാറുള്ളത്‌.


കോൺഫറൻസ്‌ ഹാളാകട്ടെ കൊച്ചിൻ ഹ‍ൗസിൽ നിന്ന്‌ മാറിയുള്ള പ്രധാന കെട്ടിടത്തിലാണ്‌. മാത്രമല്ല വാർത്താസമ്മേളനം നിശ്‌ചയിച്ച സമയത്ത്‌ മുഖ്യമന്ത്രി കൊച്ചിൻ ഹ‍ൗസിൽ ഉണ്ടായിരുന്നുമില്ല. ഇതൊക്കെയായിട്ടും വാർത്താസമ്മേളനം അനുവദിക്കില്ലെന്ന പിടിവാശി അധികൃതർ തുടർന്നു.


ഇതോടെ കേരളാഹ‍ൗസിലെ റിസപ്‌ഷന്‌ സമീപം മാധ്യമങ്ങളെ കണ്ട്‌ ഭാരവാഹികൾ മടങ്ങി. നേരത്തെ മുഖ്യമന്ത്രിമാർ ഉള്ള ഘട്ടത്തിലും കോൺഫറൻസ്‌ ഹാൾ മറ്റ്‌ പരിപാടികൾക്ക്‌ വിട്ടുനൽകിയിരുന്നു. സർക്കാർ മാറിയതോടെ ആ നയവും മാറിയെന്നാണ്‌ കേരള ഹ‍ൗസ്‌ അധികൃതരുടെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home