print edition കെന്നഡി സെന്ററിന് ചുറ്റും മനുഷ്യച്ചങ്ങല

പ്രക്ഷോഭകർ ഉയർത്തിക്കാട്ടിയ പോസ്റ്റർ
വാഷിങ്‌ടൺ : വാഷിംഗ്ടണിലെ കലാകേന്ദ്രമായ കെന്നഡി സെന്റർ ഇടിച്ചുതകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കെന്നഡി സെന്ററിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രക്ഷോഭകർ. പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ സ്‌മരണയ്‌ക്കായി 1971-ൽ ആരംഭിച്ച കെന്നഡി സെന്ററിന്റെ നിയന്ത്രണം കഴിഞ്ഞവർഷമാണ് ട്രംപ് ഏറ്റെടുത്തത്.
പിന്നാലെ കെട്ടിടത്തിന് മുന്നിൽ ട്രംപ്- – കെന്നഡി സെന്റർ എന്ന് ബോർഡ് വച്ചു. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് പിന്നീട് ഈ ബോർഡ് എടുത്തുമാറ്റി. ഇതോടെ കെട്ടിടം താൽക്കാലികമായി അടച്ചിട്ടു. കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.
വൈറ്റ്‌ഹൗസിൽ മാധ്യമവിലക്ക്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിക്കുന്നതും വ്യാജവുമായ വാർത്തകൾ നൽകുന്നുവെന്നാരോപിച്ച് സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. ഭാവിയിൽ കൂടുതൽ മാധ്യമങ്ങൾക്ക് സമാനമായവിലക്കുകൾ ഉണ്ടായേക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിമുഴക്കി.
ട്രംപിന്റെ നീക്കത്തിനെതിരെ മാധ്യമങ്ങൾ രംഗത്തെത്തി. സർക്കാരിന്റെ തടസ്സപ്പെടുത്തലുകളോ ഇടപെടലുകളോ ഇല്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും ഈ വിലക്ക് നിയമവിരുദ്ധ കടന്നുകയറ്റമാണെന്നും സിഎൻഎൻ പ്രതികരിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ശക്തമായി പോരാടുമെന്ന് പൊളിറ്റിക്കോയും വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, ബിബിസി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും ട്രംപ് അടുത്തിടെ നിയമനടപടികൾ സ്വീകരിച്ചിരുന്നു.










0 comments