റൊണാൾഡീഞ്ഞോ Vs ഐ എം വിജയൻ ആവേശപ്പോരാട്ടം
ലഹരിക്കെതിരെ അണിനിരക്കാം; സൗജന്യമായി കളി കാണാം

കൊച്ചി
കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 23ന് അരങ്ങേറുന്ന ബ്രസീൽ ലെജൻഡ്‌സ്, ഇന്ത്യൻ ഓൾ സ്റ്റാർ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗാമൻ സ്പോർട്‌സാണ് "റിട്ടേൺ ഓഫ് ദ ടൈറ്റൻസ്' എന്ന പേരിലുള്ള ഫുട്‌ബോൾ പേരാട്ടത്തിന്റെ സംഘാടകർ.
തിങ്കൾ വൈകിട്ട് അഞ്ചിന് ആലുവയിൽനിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും. റാലിയിൽ പങ്കെടുക്കുന്നവർക്ക് ഫുട്‌ബോൾ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ലഭിക്കും. താൽപ്പര്യമുള്ളവർ 7994811116 എന്ന വാട്‌സാപ് നമ്പറിൽ രജിസ്റ്റർ ചെയ്യണം.
"ബോചെ സിനിമാനിയ' എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ ‘നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന 500 പേർക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നൽകും. ഒരാള്‍ക്ക് 1.25 ലക്ഷം രൂപ വിലവരുന്ന വിവിഐപി ടിക്കറ്റിനു പുറമേ ഫുട്ബോൾ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നർ കഴിക്കാനുമുള്ള അവസരവും ലഭിക്കും.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ബ്രസീൽ ടീമിന്റെ തോൽവി താങ്ങാനാകാതെ അമിത രക്തസമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട തൃക്കാക്കര സ്വദേശി കെ പി അക്ഷയ്‌ക്ക് ഇതിഹാസതാരങ്ങളെ നേരില്‍ക്കാണാൻ അവസരവും ഒരുക്കും.
ഗാമൻ സ്പോർട്‌സ് ആന്‍ഡ് എന്റർടെയ്ൻമെന്റ്സ് സിഇഒ എ വി രാജേഷ്, ഡയറക്ടർ ചാൾസ് ഡാനിയൽ, മത്സരത്തിന്റെ സെലിബ്രിറ്റി ബ്രാൻഡ് അംബാസഡർ ബോബി ചെമ്മണൂർ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments