ad
Deshabhimani

നിർജ്ജീവമാക്കിയ എംപോക്സ് വൈറസ് യുഎസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്

Mpox Monkeypox
വെബ് ഡെസ്ക്

Published on Jun 03, 2026, 10:37 AM | 1 min read

വാഷിങ്ടൺ: നിർജ്ജീവമാക്കിയ എംപോക്സ് (Mpox) വൈറസ് അടങ്ങിയ കുപ്പികൾ അനുമതിയില്ലാതെ ആഫ്രിക്കയിൽ നിന്ന് യുഎസിലേക്ക് കടത്തിയതിന് രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്. യുഎസ് ഗവൺമെന്റ് ലാബിലെ ശാസ്ത്രജ്ഞർക്കെതിരെയാണ് ഫെഡറൽ കോടതിയിൽ കേസെടുത്തത്. മൊണ്ടാനയിലെ റോക്കി മൗണ്ടൻ ലബോറട്ടറികളിലെ വൈറസ് ഇക്കോളജി വിഭാഗം മേധാവി വിൻസെന്റ് മുൻസ്റ്റർ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ക്ലോഡ് ക്യൂ എന്നിവരാണ് പ്രതികൾ.


പാരീസ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം ജനുവരിയിൽ ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളത്തിൽ എത്തിയ ഇവരെ അധികൃതർ പരിശോധിച്ചിരുന്നു. തങ്ങളുടെ പക്കൽ യാതൊരുവിധ ജൈവവസ്തുക്കളോ സാമ്പിളുകളോ ഇല്ലെന്ന് മുൻസ്റ്റർ അന്വേഷകരോട് പറഞ്ഞു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് അനുമതിയിലാതെ കൊണ്ടുവന്ന നിർജ്ജീവമാക്കിയ എംപോക്സ് വൈറസിന്റെ കുപ്പികൾ എഫ്ബിഐ (FBI) കണ്ടെടുത്തു.


തന്റെ ലാപ്‌ടോപ്പിൽ ആവശ്യമായ രേഖകളുണ്ടെന്നും, താൻ ഇത് എപ്പോഴും ചെയ്യുന്നതാണെന്നുമാണ് മുൻസ്റ്റർ അന്വേഷകരോട് പറഞ്ഞത്. എന്നാൽ ഇത് തെറ്റായ പ്രസ്താവനയാണെന്ന് എഫ്ബിഐ കോടതി ഫയലിംഗിൽ വ്യക്തമാക്കി. ശരിയായ അനുമതിയില്ലാതെ ജൈവവസ്തുക്കൾ കടത്താനുള്ള ശ്രമം പൊതുജനവിശ്വാസത്തെ തകർക്കുന്നതാണെന്നും ജനങ്ങളെ അപകടത്തിലാക്കുന്നതാണെന്നും ആരോഗ്യ വകുപ്പിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് വ്യക്തമാക്കി. വിഷയം നിലവിൽ അന്വേഷണത്തിലാണെന്നും നിയമപാലകരുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ലബോറട്ടറിയുടെ മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് അറിയിച്ചു.


കോംഗോയിൽ രണ്ടായിരത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ വൈറസാണ് എംപോക്സ്. ഈ വൈറസാണ് ശാസ്ത്രജ്ഞർ കടത്താൻ ശ്രമിച്ചത്. സാധാരണയായി പനിയും ശരീരത്തിൽ കുമിളകൾ ഉണ്ടാകുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഇത് ഗുരുതരമാകാമെങ്കിലും ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കാറുണ്ട്. മുൻപ് 'മങ്കിപോക്സ്' എന്നറിയപ്പെട്ടിരുന്ന ഈ രോഗം 1958ൽ കുരങ്ങുകളിലാണ് ആദ്യമായി കണ്ടെത്തിയത്. 2022ൽ ഇത് ലൈംഗികബന്ധത്തിലൂടെ പടരുന്നതായി സ്ഥിരീകരിച്ചു. നിലവിൽ എഴുപതിലധികം രാജ്യങ്ങളിൽ വൈറസ് വ്യാപിച്ചതായാണ് കണക്ക്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home