താൻ തന്നെയാണ് വെനസ്വേലൻ പ്രസിഡന്റെന്ന് മഡുറോ
print edition തലകുനിക്കാതെ മഡുറോ ; യുഎസ് അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധം

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ന്യൂയോർക്കിലുള്ള മാൻഹാട്ടൻ ഫെഡറൽ കോടതിയിലേക്ക് എത്തിക്കുന്നു
വാഷിങ്ടൺ
ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ തലയുയർത്തി കീഴടങ്ങാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. താൻ കുറ്റം ചെയതിട്ടില്ലെന്നും താൻ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും യുദ്ധത്തടവുകാരനാണെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ പ്രസിഡന്റായ തന്നെ വീട്ടിലെ മുറിക്കുള്ളിൽ നിന്നാണ് പിടികൂടിയതെന്നും താൻ നിരപരാധിയാണെന്നും മഡുറോ കോടതിയിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ സീലിയയും കുറ്റം നിഷേധിച്ചു. കോടതി മാർച്ച് 17 ലേക്ക് കേസ് മാറ്റിവച്ചു. കോടതിക്ക് പുറത്ത് യുഎസ് നടപടിക്കെതിരെ നിരവധി പേർ പ്രതിഷേധിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഇരുവരെയും ജയിൽ വേഷവും കൈകാലുകളിൽ വിലങ്ങും അണിയിച്ചാണ് ജയിലിൽ നിന്നും ഹെലികോപ്റ്ററിലെത്തിച്ചത്.
യുഎസ് അധിനിവേശത്തെ ചെറുത്തുതോൽപ്പിക്കാൻ വെനസ്വേലൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഇനിയൊരു ആക്രമണമുണ്ടായാൽ ചെറുത്തുതോൽപ്പിക്കാൻ വെനസ്വേല സജ്ജമായി. താൽകാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ലക്ഷ്യംവച്ചും ട്രംപ് ഭീഷണി മുഴക്കിയതോടെ തെരുവുകൾ വീണ്ടും പ്രക്ഷോഭ മുഖരിതമായി. രാജ്യത്ത് കടന്നുകയറാൻ അനുവദിക്കില്ലെന്ന് ഡെൽസി റോഡ്രിഗസും വ്യക്തമാക്കി. അതിനിടെ, ലോക പൊലീസായി പ്രവർത്തിക്കാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി യുഎസിന് ശക്തമായ മുന്നറിയിപ്പ് നൽകി. ലാറ്റിനമേരിക്കയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങൾ കൂട്ടായി രംഗത്തിറങ്ങണമെന്ന് ക്യൂബ ആഹ്വാനംചെയ്‌തു.
വെനസ്വേലയിലെ യുഎസ് കടന്നുകയറ്റം ചർച്ചചെയ്യാൻ യുഎൻ രക്ഷാസമിതി ചേര്‍ന്നു. വെനസ്വേലയുടെ പരമാധികാരവും രാഷ്‌ട്രീയ സ്വാതന്ത്ര്യവും മാനിക്കാത്ത നടപടിയാണ് യുഎസിന്റേതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
യുഎസിൽ ഡെമോക്രാറ്റ് അംഗങ്ങൾ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിനെതിരെ സൈനിക നടപടി സ്വീകരിച്ചതും ഭരണഘടനാ വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കൊളംബിയയിലും ഗ്രീൻലാൻഡിലും അടക്കം കടന്നുകയറുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. ലാറ്റിനമേരിക്ക ഏതെങ്കിലും സിദ്ധാന്തത്തിന്റെയോ അധികാരത്തിന്റെയോ സ്വത്തല്ലെന്നും അത് അവിടുത്തെ ജനതയുടേതാണെന്നും മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.










0 comments