മഡൂറോ വീണ്ടും അധികാരമേറ്റു
image credit nicolas maduro facebook
കരാക്കസ്
വെനസ്വേല പ്രസിഡന്റായി നിക്കോളാസ് മഡൂറോ വീണ്ടും അധികാരമേറ്റു. യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർടി ഓഫ് വെനസ്വേല നേതാവായ അദ്ദേഹം മൂന്നാംവട്ടമാണ് രാജ്യത്തിന്റെ പ്രസിഡന്റാകുന്നത്. 2031 വരെ ആറുവർഷമാണ് കാലാവധി.
സോഷ്യലിസ്‌റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ലെജിസ്ലേറ്റീവ് പാലസിൽ നടന്ന സത്യപ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. മുൻഗാമിയും പ്രിയ സഖാവുമായ ഹ്യൂഗോ ഷാവേസിനെ അനുസ്മരിച്ചായിരുന്നു മഡൂറോയുടെ പ്രസംഗം. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യ, സോഷ്യലിസ്‌റ്റ് രാജ്യത്തെ ശക്തിപ്പെടുത്താനും സാമ്രാജ്യത്വ ഗൂഢാലോചനകളെ ചെറുത്തുതോൽപ്പിക്കാനും മുൻഗണന നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
120 രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിലധികം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ വൻ ജനാവലിയാണ് ലെജിസ്ലേറ്റീവ് പാലസിന് വെളിയിൽ തടിച്ചുകൂടിയത്. മഡൂറോയുടെ ചിത്രമുള്ളതും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുമുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ജനാവലി മഡൂറോയുടെ വിജയത്തെ ഇപ്പൊഴും ചോദ്യംചെയ്യുന്നവർക്കുള്ള മറുപടിയായി.
ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ മഡൂറോ വന്‍ വിജയം നേടിയെങ്കിലും തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വിശദമായ അന്വേഷണത്തിനുശേഷം സുപ്രീംകോടതി മഡുറോയുടെ വിജയം ശരിവച്ചെങ്കിലും പ്രതിപക്ഷ സ്ഥാനാർഥി എഡ്‌മുണ്ട് ഗോൺസാലസ് ഉറുട്ടിയാണ് യഥാർഥ വിജയിയെന്നാണ് അമേരിക്കന്‍ നിലപാട്. വ്യാഴാഴ്ചയും പ്രതിപക്ഷം കരാക്കസിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചു.
0 comments