അദാനിക്കെതിരെയുള്ള കോഴ, തട്ടിപ്പ് കേസുകൾ അമേരിക്ക പിൻവലിക്കുന്നു; ട്രംപിന്റെ അഭിഭാഷകന്റെ ഇടപെടലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കോഴ, സാമ്പത്തിക തട്ടിപ്പ് കേസുകൾ യുഎസ് നീതിന്യായ വകുപ്പ് പിൻവലിക്കുന്നു. ഈ ആഴ്ച തന്നെ അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനൊപ്പം, 2024 നവംബറിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചുമത്തിയ സിവിൽ തട്ടിപ്പ് കേസും ഭീമമായ പിഴ ഈടാക്കി ഒത്തുതീർപ്പാക്കാൻ നീക്കമുണ്ട്. സിവിൽ കേസ് ഒത്തുതീർപ്പാക്കുന്നതിനായി അദാനിയും അനന്തരവൻ സാഗർ അദാനിയും 18 മില്യൺ ഡോളർ (ഏകദേശം 150 കോടി രൂപ) പിഴയൊടുക്കാൻ സമ്മതിച്ചതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ (ഏകദേശം 2200 കോടി രൂപ) കൈക്കൂലി നൽകിയെന്നും, ഇത് മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും 3 ബില്യൺ ഡോളറിലധികം സമാഹരിച്ച് വഞ്ചിച്ചുവെന്നുമായിരുന്നു കേസ്.
ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു യുഎസ് കോടതി കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കേസ് പിൻവലിക്കാനുള്ള യുഎസ് നീക്കത്തിന് പിന്നിൽ വൻ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങൾ നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനും പ്രമുഖ നിയമ സ്ഥാപനമായ 'സള്ളിവൻ ആൻഡ് ക്രോംവെൽ' സഹ അധ്യക്ഷനുമായ റോബർട്ട് ജെ ഗിയൂഫ്രയെയാണ് അദാനി കേസ് വാദിക്കാൻ നിയോഗിച്ചത്. കഴിഞ്ഞ മാസം വാഷിങ്ടണിലെ നീതിന്യായ വകുപ്പ് ആസ്ഥാനത്ത് ഗിയൂഫ്ര ഉന്നത ഉദ്യോഗസ്ഥരുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ് പ്രൊസിക്യൂഷന് ഇതിൽ നിയമപരമായ അധികാരമില്ലെന്നും കൃത്യമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാണിച്ചുള്ള 100 സ്ലൈഡുകളടങ്ങിയ പ്രസന്റേഷൻ അദ്ദേഹം അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതിനൊപ്പം കേസ് ഒഴിവാക്കുകയാണെങ്കിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി രൂപ) നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദാനി ഗ്രൂപ്പ് തയ്യാറാണെന്ന ആകർഷകമായ വാഗ്ദാനവും അഭിഭാഷകൻ മുന്നോട്ടുവെച്ചു.
ഈ നിക്ഷേപ വാഗ്ദാനമാണ് കേസ് അട്ടിമറിക്കാൻ യുഎസ് അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടക്കം മുതൽ കുറ്റാരോപണങ്ങൾ നിഷേധിച്ച അദാനിയും സാഗർ അദാനിയും ഇതുവരെ യുഎസ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. തുടർനടപടികൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള പെട്ടെന്നുള്ള നീക്കം. അന്താരാഷ്ട്ര മൂലധന വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പിന് ഏർപ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്കുകൾ മാറാനും കൂടുതൽ ആഗോള വികസന പദ്ധതികളിലേക്ക് കടക്കാനും ഈ അനുകൂല തീരുമാനം അദാനി ഗ്രൂപ്പിന് വൻ കരുത്താകും.










0 comments