ad
Deshabhimani

print edition ഇറാനുമായി പുതിയ ചർച്ചയെന്ന് ട്രംപ്; ചർച്ച ഒമാനുമായി മാത്രമെന്ന്‌ ഇറാൻ

Trump_Airforceone
വെബ് ഡെസ്ക്

Published on Aug 04, 2026, 01:31 AM | 1 min read

തെഹ്‌റാൻ/വാഷിങ്‌ടൺ: യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കാനും പുതിയ ചർച്ച ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ പ്രഖ്യാപിച്ച ‘രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള വലിയ സൈനികാക്രമണം’ തൽക്കാലത്തേക്ക് മാറ്റിവച്ചതായും ട്രംപ് പറഞ്ഞു. എന്നാൽ, ഇതേക്കുറിച്ച്‌ അറിയില്ലെന്നും അമേരിക്കയുമായി നിലവിൽ ഒരു ചർച്ചയും നടത്തുന്നില്ലെന്നും ഇറാൻ വിദേശ മന്ത്രാലയം വ്യക്തമാക്കി.


ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ സഖ്യരാജ്യങ്ങളുടെയും ഇറാൻ ഉദ്യോഗസ്ഥരുടെയും അഭ്യർഥന മാനിച്ചാണ് വ്യോമാക്രമണത്തിൽനിന്ന് പിന്മാറിയതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ അമേരിക്കയുടെ വാദം തള്ളിയ ഇറാൻ വിദേശ വക്താവ് ഇസ്‌മായിൽ ബഗായ്, തങ്ങൾ ഒമാനുമായി മാത്രമാണ് ചർച്ച നടത്തുന്നതെന്നും അത് ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത കപ്പൽപ്പാതയ്ക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. ഞായറാഴ്ച ഒൻപത് കപ്പലുകൾ ഹോർമുസ് മുറിച്ചുകടന്നതായി പ്രമുഖ ട്രേഡ് ഡാറ്റാ പ്ലാറ്റ്‌ഫോമായ 'കെപ്ലർ' അറിയിച്ചു. ഭൂരിഭാഗം കപ്പലുകളും ഇറാന്റെ നിയന്ത്രണത്തിലുള്ള സുരക്ഷിത പാതയിലൂടെയാണ് സഞ്ചരിച്ചത്‌.


അതിനിടെ, ഷിയാ മുസ്ലിങ്ങളുടെ വാർഷിക തീർത്ഥാടന ചടങ്ങായ ‘അർബഈൻ' അനുസ്മരണത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ഇറാഖിലെ നജാഫിലെത്തി.


ഗാസയിൽ 19 മരണം


ഹമാസ് നിരായുധീകരണത്തിന് സമ്മതിച്ചെന്ന വാർത്തകൾക്ക് പിന്നാലെ ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ കുട്ടികളടക്കം 19 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ നാല് വയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത വേനലിൽ പ്ലാസ്റ്റിക് കൂടാരങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് അഭയാർഥികൾ പട്ടിണിയും പകർച്ചവ്യാധി ഭീഷണിയും നേരിടുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home