ad
Deshabhimani

വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി; യുഎസിൽ പഠനശേഷം ജോലി ചെയ്യാൻ അധിക ഫീസ്

US Study.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 31, 2026, 03:49 PM | 2 min read

വാഷിം​ഗ്ടൺ : വിദ്യാഭ്യാസ വായ്പയെടുത്തും കടം വാങ്ങിയും പഠനശേഷം ജോലിയെന്ന ആ​ഗ്രഹവുമായി അമേരിക്കയിലേക്ക് പറക്കുന്ന ലക്ഷകണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങിടാൻ ട്രംപ് ഭരണകൂടം. പഠനശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്ന വിദേശ വിദ്യാർഥികളിൽ നിന്ന് ഏകദേശം 95 ലക്ഷം രൂപ വരെ ഫീസായി ഈടാക്കാനാണ് തീരുമാനം.


അതോടൊപ്പം സർക്കാർ അനുമതിയില്ലാതെ രാജ്യത്ത് തുടരാനുള്ള വിദ്യാർഥി വിസ നിയമങ്ങളും കർശനമാക്കുന്നുണ്ട്. വിദേശ വിദ്യാർഥികൾക്ക് എത്ര കാലം രാജ്യത്ത് തുടരാൻ കഴിയും എന്നതിനെയും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ചെലവിനെയും ഈ രണ്ട് നിയമങ്ങളും ബാധിക്കും.


ഒപിടി സംവിധാനത്തിലൂടെ ജോലിയിൽ പ്രവേശിക്കണമെങ്കിൽ ഇനിമുതൽ 95 ലക്ഷം രൂപ നൽകണമെന്നതാണ് പുതിയ നിർദേശം. അമേരിക്കയിൽ എഫ്-1 വിസയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനശേഷം ഒരു വർഷം വരെ പഠനമേഖലയിൽ ജോലി ചെയ്യാൻ കഴിയും. സയൻസ്, ടെക്നോളജി, എഞ്ചിനിയറിം​ഗ്, സ്റ്റെം വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മൂന്ന് വർഷം വരെ ജോലി ചെയ്യാൻ അവസരമുണ്ട്. ഈ സംവിധാനമാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിം​ഗ് അഥവാ ഒപിടി. ബിരുദപഠനത്തിനും എച്ച്-1ബി വിസക്കും ഇടിയിലുള്ള കാലാവധിയാണിത്.


ഈ കാലായളവിൽ ബിരുദധാരികൾക്ക് തൊഴിൽ പരിചയം നേടാനും കരിയർ മെച്ചപ്പെടുത്താനും എച്ച്-1ബി വർക്ക് വിസയിലേക്ക് മാറാനും സാധിക്കാറുണ്ട്. ഈ തുക വിദ്യാർഥികൾ കണ്ടെത്തണോ അതോ അവരെ നിയമിക്കുന്ന കമ്പനികളാണോ അടക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നിരുന്നാലും ഈ നിയമം നിലവിൽ വന്നാൽ വിദേശ വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക തടസമായി മാറും.


പല വിദ്യാർഥികളും അമേരിക്ക തിരഞ്ഞെടുക്കുന്നത് ബിരുദത്തിനായി മാത്രമല്ല. അമേരിക്കയിൽ പഠിക്കുന്നതിന് ലക്ഷക്കണക്കിന് ചിലപ്പോൾ കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്നതിന് ഒരു പ്രധാന കാരണം ബിരുദാനന്തര ജോലി സാധ്യത കൂടി മുന്നിൽക്കണ്ടാണ്. ഈ തുക തൊഴിലുടമയാണ് നൽകേണ്ടതെങ്കിൽ ഇത്രയും പണം മുടക്കി വിദേശ വിദ്യാർഥികളെ ജോലിയിലെടുക്കാൻ അവർ മടിക്കും.


പുതിയ നിയമ പ്രകാരം മിക്ക വിദേശ വിദ്യാർഥികൾക്കും നാല് വർഷം വരെ യുഎസിൽ താമസിക്കാൻ അനുമതിയുണ്ട്. ബിരുദം, പിഎച്ച്ഡി, മെഡിക്കൽ പ്രോഗ്രാം അല്ലെങ്കിൽ ഗവേഷണം എന്നിവയ്ക്ക് കൂടുതൽ സമയമെടുക്കുന്നുണ്ടെങ്കിൽ സർക്കാർ അനുമതിയില്ലാതെ തുടരാൻ കഴിയില്ല. യുഎസിൽ ജോലി ചെയ്യുന്ന നിരവധി എക്സ്ചേഞ്ച് സന്ദർശകർക്കും വിദേശ പത്രപ്രവർത്തകർക്കും ഈ നിയമം ബാധകമാകും.


ഇന്ത്യക്കാരായ 3.3 ലക്ഷത്തോളം വിദ്യാർഥികൾ നിലവിൽ അമേരിക്കയിലുണ്ട്. പഠനത്തോടൊപ്പം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടക്കാമെന്ന കണക്കൂകൂട്ടലിലാണ് പലരും അവിടെ തുടരുന്നത്. പുതിയ ഫീസ് നിബന്ധനകളും വിസ നിയന്ത്രണങ്ങളും നിയമമായി പ്രാബല്യത്തിൽ വന്നാൽ വിദ്യാർഥികൾക്ക് അമേരിക്കയിൽ നിന്ന് വിദ്യാഭ്യാസം നേടകുയെന്നത് പ്രയാസമായി മാറും.


കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നടപടികൾ എന്നാണ് ട്രംപ് സർക്കാർ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണനേതൃത്വം നിരവധി കുടിയേറ്റ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home