പശ്ചിമേഷ്യയിൽ യുദ്ധം നീട്ടാൻ ഇസ്രയേൽ; ഇറാനുമേൽ പുതിയ തന്ത്രവുമായി നെതന്യാഹു

ബെഞ്ചമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ് (Photo Courtesy: Jonathan Ernst/Reuters)
ടെൽ അവീവ് : ഇറാനെതിരെ പെട്ടെന്നുള്ള സൈനിക വിജയത്തിന് ശ്രമിക്കുന്നതിന് പകരം യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള പുതിയ തന്ത്രവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'പുതിയ പ്ലേബുക്ക്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നീക്കം പശ്ചിമേഷ്യയെ കൂടുതൽ രക്തച്ചൊരിച്ചിലിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സമാധാന ശ്രമങ്ങളെ അട്ടിമറിച്ച് മേഖലയിൽ സ്ഥിരം യുദ്ധാന്തരീക്ഷം നിലനിർത്താനാണ് ഇസ്രയേൽ ഭരണകൂടം ലക്ഷ്യമിടുന്നത്.
ഇറാന്റെ സൈനിക ശേഷിയെ നേരിട്ട് ആക്രമിക്കാതെ രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ഘട്ടംഘട്ടമായി തകർക്കുക എന്ന തന്ത്രമാണ് ഇസ്രയേൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഉപരോധങ്ങൾ കടുപ്പിക്കാനും ആഭ്യന്തര കലഹങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലൂടെ ഇറാന്റെ സ്വാധീനം ഇല്ലാതാക്കാമെന്ന് നെതന്യാഹു കണക്കുകൂട്ടുന്നു. ഇതിന് അമേരിക്കയുടെ പൂർണ പിന്തുണ ഉറപ്പാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.
ഇസ്രയേലിനുള്ളിൽ തന്നെ തനിക്കെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാൻ യുദ്ധം നീട്ടിക്കൊണ്ടുപോകേണ്ടത് നെതന്യാഹുവിന്റെ വ്യക്തിപരമായ ആവശ്യമാണ്. അഴിമതി കേസുകളും ഭരണ പരാജയവും ചർച്ചയാകാതിരിക്കാൻ ദേശീയ സുരക്ഷയുടെ മറവിൽ ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തുകയാണ് നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ തന്റെ അധികാരക്കസേരക്ക് ഭീഷണിയാകുമെന്ന് നെതന്യാഹു ഭയപ്പെടുന്നു.
അമേരിക്കയുടെ പശ്ചിമേഷ്യൻ അജണ്ട നടപ്പിലാക്കുന്നതിനുള്ള കരുവായാണ് ഇസ്രയേൽ പ്രവർത്തിക്കുന്നത്. ഇറാനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമേ അറബ് രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താൻ അമേരിക്കക്ക് സാധിക്കൂ. ഈ സാമ്രാജ്യത്വ താല്പര്യങ്ങളുടെ സംരക്ഷകനാകാനാണ് നെതന്യാഹു ശ്രമിക്കുന്നത്. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയും രാജ്യാന്തര നിയമങ്ങൾ കാറ്റിൽ പറത്തിയും ഇസ്രയേൽ വംശഹത്യയിലൂടെ നടത്തുന്ന അധിനിവേശ കടന്നാക്രമണങ്ങൾ ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.










0 comments