ബെയ്റൂട്ട് ആക്രമണത്തിൽ നിന്ന് പിന്മാറിയതായി ഇസ്രായേൽ; ട്രംപ് നെതന്യാഹു നാടകങ്ങൾക്കിടയിലും ആക്രമണം തുടരുന്നു

ബെയ്റൂട്ട്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ സംഭാഷണവും ഇസ്രയേൽ ബെയ്റൂത്ത് ആക്രമണം നിര്‍ത്തവെച്ചതായുള്ള പ്രഖ്യാപനവും അന്താരാഷ്ട്ര തലത്തിൽ പുതിയ ചര്‍ച്ചകൾക്ക് തുടക്കമിടുന്നു. ഇരുവരും തമ്മിലുള്ള നാടക സമാനമായ ഇടപെടലുകളും പ്രഖ്യാനങ്ങളും ആവര്‍ത്തിക്കുമ്പോഴും യുദ്ധവും ആക്രമണങ്ങളും തുടരുന്ന സാഹചര്യമാണ്.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്താനിരുന്ന വൻ വ്യോമാക്രമണം തന്റെ ഇടപെടലിനെത്തുടർന്ന് നെതന്യാഹു ഒഴിവാക്കിയതായി ട്രംപ് അവകാശപ്പെട്ടു. ഇരുനേതാക്കളും തമ്മിൽ കടുത്ത വാക്പോരും ഭീഷണികളും നിറഞ്ഞ നാടകീയ രംഗങ്ങൾ അരങ്ങേറിയ ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത് എന്നാണ് വാര്‍ത്തകൾ. എന്നാൽ ഇവ പതിവ് നാടകങ്ങളുടെ ഭാഗമാണെന്ന ചര്‍ച്ചകളും ഉയരുന്നു.
ട്രംപിന്റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ ഒടുവിൽ നെതന്യാഹുവിന് വഴങ്ങേണ്ടി വന്നതായും, എല്ലാം ശരിയാക്കാം എന്ന് അദ്ദേഹം ഉറപ്പുനൽകിയതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യങ്ങൾ എല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചതും ട്രംപ് സ്വമേധയാ തന്നെയുമാണ്.
അമേരിക്കൻ മാധ്യമമായ 'ആക്സിയോസ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇരുനേതാക്കളും തമ്മിൽ നടന്ന ഫോൺ സംഭാഷണം അങ്ങേയറ്റം പ്രകോപനപരമായിരുന്നു. യുഎസും ഇറാനും തമ്മിൽ നടക്കുന്ന നിർണായക ചർച്ചകൾ ഇസ്രായേലിന്റെ ആക്രമണം കാരണം തകരുന്നതിൽ ട്രംപ് ക്രുദ്ധനായി. നെതന്യാഹു നേരിടുന്ന അഴിമതിക്കേസുകളെ മുൻനിർത്തി, "ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടന്നേനെ, ഞാൻ നിന്റെ ജീവനാണ് രക്ഷിക്കുന്നത്" എന്ന് ട്രംപ് ആക്രോശിച്ചതായി റിപ്പോർട്ടിലുണ്ട്. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ കാരണം ലോകം മുഴുവൻ ഇപ്പോൾ നെതന്യാഹുവിനെയും ഇസ്രായേലിനെയും വെറുക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും പറയുന്നു.
ഫോൺ കോളിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. "ഞാൻ ഇന്ന് ബിബി (നെതന്യാഹു) യോട് സംസാരിച്ചു, ബെയ്റൂട്ടിൽ വലിയ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ സൈന്യത്തെ പിന്തിരിപ്പിച്ചു. നന്ദി ബിബി," എന്നാണ് ട്രംപ് കുറിച്ചത്.
ഇതോടൊപ്പം ഹിസ്ബുള്ളയുടെ പ്രതിനിധികളുമായി താൻ സംസാരിച്ചെന്നും, ഇസ്രായേലിന് നേരെ ഇനി വെടിയുതിർക്കില്ല എന്ന് അവർ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇത് എന്നെന്നേക്കുമായി നിലനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല നയതന്ത്ര വിദഗ്ദ്ധരും ഇതിനെ ഒരു 'രാഷ്ട്രീയ നാടകം' ആയിട്ടാണ് വിലയിരുത്തുന്നത്. താൻ അധികാരത്തിൽ വന്നാൽ ലോകത്ത് യുദ്ധങ്ങൾ ഉണ്ടാവില്ല എന്ന് ട്രംപ് എപ്പോഴും അവകാശപ്പെടാറുണ്ട്. ഇറാനുമായുള്ള യുഎസിന്റെ ചർച്ചകൾ വിജയിപ്പിക്കാനും, താനൊരു മികച്ച 'ഡീൽ മേക്കർ' ആണെന്ന് കാണിക്കാനും ട്രംപിന് ഈ സമാധാന പ്രഖ്യാപനം ആവശ്യമാണ്.
ട്രംപ് യുദ്ധ സമാധാന അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഇസ്രായേൽ ഔദ്യോഗികമായി അറിയിച്ചത് തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നാണ്. ഹിസ്ബുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ ബെയ്റൂട്ട് തകർക്കുമെന്ന് തന്നെയാണ് നെതന്യാഹു തന്റെ രാജ്യത്തെ ജനങ്ങളോടും പറയുന്നത്. അമേരിക്കയ്ക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങി എന്ന് വരുത്തിത്തീർത്താൽ ഇസ്രായേലിലെ തീവ്രവലതുപക്ഷ പാർട്ടികൾ നെതന്യാഹുവിനുള്ള പിന്തുണ പിൻവലിക്കാം എന്ന സാഹചര്യവുമുണ്ട്. പ്രതിപക്ഷ പാര്‍ടികൾ എല്ലാം തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി നെതന്യാഹിവിനെക്കാൾ തീവ്ര വംശീയത പറയാൻ തുടങ്ങുന്നു എന്ന ഭീഷണിയും ഉണ്ട്.
യുഎസിന്റെ സമ്മർദ്ദത്തെത്തുടർന്ന് ബെയ്റൂട്ടിലെ വലിയ വ്യോമാക്രമണങ്ങൾ ഇസ്രായേൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. അപ്പോഴും തെക്കൻ ലെബനനിലും അതിർത്തി പ്രദേശങ്ങളിലും ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. രണ്ടു മാസം മുൻപ് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. ഇതിനിടെ ഇസ്രയേൽ ആക്രമണം നിര്‍ത്താതെ തുടരുകയായിരുന്നു.










0 comments