സമാധാന കരാറിന്റെ പേരിൽ ഇസ്രയേലിൽ ഭരണ പ്രതിസന്ധിയെന്ന്; സഖ്യം വിടുമെന്ന് തീവ്ര വലതുപക്ഷം

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശീയ യുദ്ധത്തിനെതിരെ ലോകം മുഴുവൻ പ്രതിഷേധം ഉയരുന്നതിനിടെ നാടകീയ നീക്കവുമായി തീവ്ര വലതുപക്ഷ ശക്തികൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതി നടപ്പാക്കിയാൽ ഭരണ സംഖ്യത്തിൽ നിന്ന് പിൻമാറുമെന്ന പ്രഖ്യാപനവുമായാണ് കരുനീക്കം. ക്രൂരതകൾ മറച്ചുവെച്ച് അവയുടെ ഉത്തരവാദിത്തം ഇപ്പോഴത്തെ നേതൃത്വത്തിന് മേൽ വരുന്നത് ലഘൂകരിക്കാനും ഇതുവഴി ഭരണ പ്രതസന്ധിയെന്ന് വരുത്തിത്തീർക്കാനുമാണ് ലക്ഷ്യം എന്ന് വിലയിരുത്തപ്പെടുന്നു.
“ഹമാസിനെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല” എന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. കൂട്ടുകക്ഷി സർക്കാരിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയ ബെൻ ഗ്വീർ ഒരു തരത്തിലും നിലവിലെ സമാധാന പദ്ധതിയിൽ പങ്കാളികളാകില്ലെന്നും പ്രഖ്യാപിച്ചു. ഗാസയിലെ ആക്രമണങ്ങൾ താൽക്കാലികമായി പോലും നിർത്തുന്നത് തെറ്റായിരിക്കുമെന്ന് ഇസ്രയേൽ ധനമന്ത്രി ബെസാലേൽ സ്‌മോട്രിച്ച് പറഞ്ഞു. തീവ്രവലതു പക്ഷത്തെയാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ലോകത്ത് വൻ പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിലാണ് ഭരണത്തിനകത്ത് ''യുദ്ധം നിർത്തുന്നതിന് എതിരെ സമ്മർദ്ദം'' എന്ന തന്ത്രം പ്രയോഗിക്കുന്നത്. ഗാസയിലും പലസ്തീൻ ജനതയ്ക്ക് എതിരെ പൊതുവെയും വംശീയ ഉന്മൂലനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ക്രൂരതകൾ നെതന്യാഹു ഭരണകൂടത്തിന്റെ പേരിൽ ആരോപിക്കപ്പെടുന്ന സാഹചര്യം ലഘൂകരിക്കാനുള്ള തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു. ഉന്മൂലനം ജനകീയ ഇഛയുടെ ഭാഗമെന്നാണ് നെതന്യാഹുവും അവകാശപ്പെട്ട് വന്നിരുന്നത്.
പാർലമെന്റിലെ 120 സീറ്റുകളിൽ 13 എം പിമാരുള്ള ബെൻ ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ ഭരണ സഖ്യത്തെ ബാധിക്കും. എന്നാൽ ഇസ്രയേലിലെ പ്രതിപക്ഷം ഇതിനെതിരെ സമാധാന പദ്ധതിക്ക് സഹകരണം പ്രഖ്യാപിച്ച് മുന്നോട്ട് വരികയും ചെയ്തു. സർക്കാരിനെ താൽക്കാലികമായി പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് വാഗ്ദാനം ചെയ്തതായാണ് വാർത്തകൾ.
"നെതന്യാഹുവിന് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാം അതുവരെ പിന്തുണ" എന്നാണ് പ്രതിപക്ഷ വാഗ്ദാനം.
2026 ഒക്ടോബറിലാണ് ഇസ്രയേലിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനിടയിൽ യുദ്ധവും വംശീയ വെറിയും കത്തിച്ച് നിർത്തുകയാണ്. തീവ്രവലതുപക്ഷത്തെ ഉപയോഗിച്ച് നെതന്യാഹു സർക്കാരിന് മേലുള്ള കുറ്റാരോപണം ലോകത്തിന് മുന്നിൽ ലഘൂകരിക്കയും ചെയ്യുന്നു.
ബോംബാക്രമണങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്നും എന്നാൽ വെടിനിർത്തൽ നിലവിലില്ലെന്നുമാണ് ഇസ്രയേൽ സർക്കാർ വക്താവ് ഷോഷ് ബെഡ്രോസിയൻ അവകാശപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേന രാജ്യ സംരക്ഷണ പ്രവർത്തനങ്ങൾ തുടരുന്നു എന്നാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്കുള്ള ന്യായീകരണം.
ട്രെപിന്റെ 20 ഇന സമാധാന പദ്ധതി പ്രകാരം ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകൾ തിങ്കളാഴ്ച ഈജിപ്തിലെ ചെങ്കടൽ തീരനഗരമായ ഷറം അൽ ഷെയ്ഖിൽ ആരംഭിച്ചു. ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്ന ഉപാധിയിലാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഒരു യുദ്ധത്തിന്റെ അവസാനത്തിന്റെ വക്കിലും ഒരു നേതാവിന്റെ രാഷ്ട്രീയ ഭാഗ്യങ്ങൾ എന്ന പേരിലേക്ക് ചർച്ചകൾ ചുരുക്കിക്കൊണ്ടു വരികയാണ്.
വംശീയത കത്തിച്ച് അധികാരത്തിൽ റെക്കോർഡ്
ബെഞ്ചമിൻ നെതന്യാഹു രാജ്യ ചരിത്രത്തിൽ മറ്റാരെക്കാളും കൂടുതൽ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 18 വർഷത്തിനിടെ തുടർച്ചയായി മൂന്ന് തവണ അധികാരം പിടിച്ചു. ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായിരുന്നതിന്റെ ഏകദേശം നാലിലൊന്ന് സമയം അധികാരത്തിലിരുന്നു.
തെരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിന്റെ സഖ്യം അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന് പോളുകൾ കാണിക്കുന്നു. ഒരു അഴിമതി വിചാരണയിൽ അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. തന്റെ അറ്റോർണി ജനറൽ ഉൾപ്പെട്ട കൈക്കൂലി വിവാദത്തിലാണ് നെതന്യാഹു കുറ്റപത്രം നേരിട്ടത്. ഹമാസിന്റെ ഖാലിദ് മെഷാലിനെ ലക്ഷ്യം വച്ചുള്ള വധശ്രമം ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട അറബ് സഖ്യകക്ഷിയുമായുള്ള ബന്ധം വഷളാക്കുന്നതിന് കാരണമാക്കിയിരുന്നു.
ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ദിവസമായ ഒക്ടോബർ 7 ന് കാരണമായ സുരക്ഷാ പരാജയങ്ങളെക്കുറിച്ചുള്ള അന്വേഷണ കമ്മീഷനെയും അദ്ദേഹം നേരിടുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ, ഗാസയിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇപ്പോൾ കുറ്റാരോപിതനാണ്. യുഎൻ ജനറൽ അസംബ്ലിയിലേക്ക് അദ്ദേഹം പറന്നത് ഐസിസിയുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ സാധ്യതയുള്ള രാജ്യങ്ങളെ ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെയാണ്.
നെതന്യാഹുവിന്റെ വിദേശനയ നേട്ടമായി പുകഴ്ത്തിയ ഇസ്രായേലിന്റെ അറബ് അയൽക്കാരുമായുള്ള അബ്രഹാം ഉടമ്പടി ഇപ്പോൾ പ്രതിസന്ധിയിലാണ്. പ്രധാനപ്പെട്ട ശാസ്ത്ര ഗവേഷണ കൺസോർഷ്യങ്ങൾ മുതൽ യൂറോവിഷൻ ഗാന മത്സരം വരെയുള്ള അന്താരാഷ്ട്ര പദ്ധതികളിൽ നിന്ന് വരെ പുറത്താക്കപ്പെടുമെന്ന് ഭീഷണി നേരിടുന്നു. ലോക വേദിയിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെട്ട സാഹചര്യമാണ്.
ഇതോടൊപ്പം അധികാരത്തിൽ തന്റെ പിടി നിലനിർത്താൻ നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോയതായി വ്യാപകമായി വിലയിരുത്തപ്പെട്ടു. ധാരാളം തെളിവുകൾ ലോക മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നു. കൊലപാതകം തുടർന്നപ്പോൾ, നെതന്യാഹു കാത്തിരുന്നു. കാത്തിരിപ്പ് ഫലം കണ്ടതായി തോന്നുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്. വംശീയത് കത്തിച്ച് അധികാരത്തിൽ തുടർന്നു. അതേ വംശീയതയുടെ തീവ്രതയിൽ ഇപ്പോൾ അധികാര തുടർച്ചയും വെല്ലുവിളിയിലായി. ഇതിനിടിയിൽ തീവ്രവലതുപക്ഷത്തിന്റെ രംഗപ്രവേശം ആസൂത്രിതം എന്നാണ് ഇതുവരെയുള്ള ഇസ്രയേലിന്റെ നടപടികളുടെ വെളിച്ചത്തിൽ ചൂണ്ടികാണിക്കപ്പെടുന്നത്.










0 comments