ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം
വിഷാംശം: കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് നെസ്ലെ

ജനീവ: ശിശുക്കൾക്കുള്ള പോഷകാഹാര ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന വിഷവസ്തുക്കൾ ചില ബേബി ഫോർമുല ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എസ്‌എംഎ ഇൻഫന്റ് ഫോർമുലയുടെയും ഫോളോ-ഓൺ ഫോർമുലയുടെയും പ്രത്യേക ബാച്ചുകൾ കുഞ്ഞുങ്ങൾക്ക് നൽകുന്നത് സുരക്ഷിതമല്ലെന്ന് നെസ്‍ലെ അറിയിച്ചു. ഉത്പന്നങ്ങളിൽ സെറൂലൈഡ് (Cereulide) എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കമ്പനി ഔദ്യോഗിക വെബ്സൈറ്റ് വഴി ഇക്കാര്യം അറിയിച്ചു.
സെറൂലൈഡ് എന്ന വിഷാംശം ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ ഉത്പന്നങ്ങൾ ഭക്ഷിച്ച ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പത്തോളം ഫാക്ടറികളിൽ നിന്നുള്ള എണ്ണൂറിലധികം ഉൽപ്പന്നങ്ങളെ ഈ നടപടി ബാധിച്ചിട്ടുണ്ട്.
യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ 37 രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഷ്യയിൽ ഹോങ്കോങ് മാത്രമാണ് പട്ടികയിലുള്ളത്. നിലവിൽ ഇന്ത്യ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നിരുന്നാലും പട്ടിക സമഗ്രമല്ലെന്നും അന്വേഷണം തുടരുന്നതിനനുസരിച്ച് ഇത് അപ്ഡേറ്റ് ചെയ്യാമെന്നും നെസ്‌ലെ വ്യക്തമാക്കി.










0 comments