നെല്ലുൽപാദനം കുത്തനെ കുറഞ്ഞു: രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി

ഹൈദരബാദ്: കലാവസ്ഥയിലെ അനിശ്ചിതത്വവും മഴക്കുറവും രാജ്യത്തെ നെല്ലുൽപാദനത്തെ ഗുരുതരമായി ബാധിച്ചതായി റിപ്പോര്‍ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിട്ടത്. ഇരുപത് വര്‍ഷത്തിനിടിയിലെ ഏറ്റവും വലിയ ഉൽപാദന കുറവാണ് ഉണ്ടായിരിക്കുന്നത്.
വിളവ് പാകമാവുന്നതിന് തൊട്ടുമുൻപ് ലഭിക്കാറുള്ള മഴ മാറിപ്പോയതാണ് മുഖ്യകാരണായതെന്ന് കാര്‍ഷിക വിദഗ്ധരും ഇതുമായി ബന്ധപ്പെട്ട വ്യവസായ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവരും ചൂണ്ടികാട്ടുന്നു. റൈസ് എക്സ്പോര്‍ടേഴ്സ് അസോസിയേഷന്റെ കണക്കുകൂട്ടൽ പ്രകാരം ഇത്തവണ ഉൽപാദനത്തിൽ പത്ത് ദശലക്ഷം മെട്രിക് ടണ്ണിന്റെ കുറവ് ഉണ്ടാവും. 2009-10 കാലഘട്ടത്തിൽ എൽനിനോ കാരണം നേരിടേണ്ടി വന്ന കടുത്ത വരൾച്ചയ്ക്ക് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്.
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉൽപാദനമായ 15.4 കോടിയിൽ എത്തിയിരുന്നു. ഇതിൽ നിന്നും 6.5 ശതമാനം കുറവ് നേരിടും എന്നാണ് കണക്കാകുന്നത്. മൺസൂൺ സീസണിൽ ദേശീയ തലത്തിൽ ശരാശരി 15 ശതമാനം വരെ മഴക്കുറവ് കണക്കാക്കിയപ്പോൾ നെൽകൃഷി മുഖ്യമായ സംസ്ഥാനങ്ങളിൽ ഇത് 42 ശതമാനം വരെയായിരുന്നു.
ശീതകാല സീസണിലെ പ്രതീക്ഷയും മങ്ങി
സെപ്തംബര്‍ 11 വരെയുള്ള കണക്കുകൾ അനുസരിച്ച് വേനക്കാല വിതസീസണായ ഖരീഫ് കാലത്ത് കൃഷി വിസ്തൃതി 4.26 കോടി ഹെക്ടറായിരുന്നു. നാല് ശതമാനം കുറവാണ് ഇതിൽ സംഭവിച്ചിരിക്കുന്നത്. ആകെ അരി ഉൽപാദനത്തിന്റെ 80 ശതമാനവും ഖരീഫ് സീസണിലാണ്. അടുത്ത വരാനിരിക്കുന്ന ശീതകാല വിതയായ റബി സീസണിൽ നഷ്ടം നികത്താമെന്ന പ്രതീക്ഷയില്ല. അണക്കെട്ടുകളിലും ജലസംഭരണികളിലും വെള്ളം കുറവാണ്. ഇത് ഉൽപാദനത്തെ ഇനിയും ബാധിക്കുമെന്ന് പ്രമുഖ കാര്‍ഷിക ഉൽപന്ന വ്യാപാര സ്ഥാപനമായ 'ഒലാം അഗ്രി ഇന്ത്യ' പുറത്തു വിട്ട കണക്കുകൾ പറയുന്നു. ഓരോ മേഖലകളെയും വേര്‍തിരിച്ച് പഠിച്ചാണ് കണക്കുകൾ.
അരിവില കൂടുമോ
ലോകത്തെ തന്നെ ഏറ്റവും വലിയ അരി ഉൽപാദക കയറ്റുമതി രാജ്യത്ത് വിളവ് നഷ്ടം വലിയ പ്രതിസന്ധിയാണ്. തായ്ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ അരി വില ഉയരുന്ന സാഹച്യമുണ്ട്. ഇത് ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമോ എന്ന സംശയം നില നിൽക്കുന്നു. ഇനിയും വില ഉയരുമോ എന്ന ആശങ്കയാണ്.
കേന്ദ സര്‍ക്കാരിന്റെ പുതിയ ഇന്ധന നയത്തിന്റെ ഭാഗമായി പെട്രോളിൽ കലര്‍ത്താനായി എഥനോൾ ഉൽപാദിപ്പിക്കാൻ സൗജന്യ നിരക്കിൽ വൻതോതിൽ അരി വിട്ട് നൽകിയിരുന്നു. പൊതു സംഭരണത്തിൽ നിന്നാണ് ഇത് വിട്ട് നൽകിയത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ഉൽപാദനം ചൂണ്ടികാട്ടിയാണ് ഇതിനെ ന്യായീകരിച്ചത്. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ നിയന്ത്രിക്കേണ്ടി വന്നു. പകരം കരിമ്പ് കൂടുതലായി ഉപയോഗപ്പെടുത്തി. ഇതോടെ പഞ്ചാസാര വില കുത്തനെ ഉയര്‍ന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇത് അരിവിലയിലും സംഭവിക്കുമോ എന്ന ആശങ്കയാണ്.

എന്നാൽ പൊതു വിപണിയിൽ പ്രീമിയം അരി സുലഭമാണ്. കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കുന്നതിനാൽ അവര്‍ പൊതുവിപണിയിൽ അരി വിറ്റഴിക്കുന്നു. ഇത് കാരണം സര്‍ക്കാര്‍ സംഭരത്തിൽ നിന്ന് പുറത്തിറക്കുന്ന അരിയുടെ അളവ് കുറയാം. ഇത്തരത്തിൽ സ്റ്റോക് മെച്ചപ്പെടുന്നത് വില നിയന്ത്രിക്കാൻ സഹായകമാവാം എന്ന് റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി വി കൃഷ്ണറാവു അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ കനത്ത വിളവ് കാരണം സര്‍ക്കാര്‍ സംഭരണ ശാലകളിൽ സെപ്തംബര്‍ ഒന്നിലെ കണക്ക് അനുസരിച്ച് 59.6 ദശലക്ഷം മെട്രിക് ടൺ സ്റ്റോക് ഉണ്ട്. നെല്ലും അരിയും ഉൾപ്പെടെയുള്ള കരുതൽ ശേഖരമാണിത്.
എഥനോൾ നിര്‍മാണം മുൻനിര്‍ത്തിയുള്ള സൗജന്യം വിതരണം കേന്ദ്ര സര്‍ക്കാര്‍ തുടരുമോ എന്നതിൽ വ്യക്തതയില്ല. റേഷൻ കടകളിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് കൂണുപോലെ മുളച്ചു പൊന്തിയ എഥനോൾ ഫാക്ടറികൾക്ക് അരി നൽകിയിരുന്നത്. ഇന്ത്യയുടെ അരി ശേഖരം ആഗോള തലത്തിൽ തന്നെ വില നിയന്ത്രണത്തെ സ്വാധീനിക്കുന്നതാണ്. ലക്ഷകണക്കിന് കര്‍ഷകര്‍ നെൽ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. അവര്‍ നേരിടുന്ന പ്രതിസന്ധി വലുതാണ്. വിളവ് കുറവ് അവരുടെ ജീവിതത്തിന് ഉള്ളതിൽ നിന്നുള്ള കുറവുമാണ്.









0 comments