നെസ്‌ലെ ബേബി ഫുഡിന് നിലവാരമില്ല; നിയമ നടപടിയുമായി എഫ്എസ്എസ്എഐ

മുംബൈ : പ്രമുഖ ഭക്ഷ്യോല്പന്ന സ്ഥാപനമായ നെസ്‌ലെ ഇന്ത്യക്കെതിരെ നിയമ നടപടിയുമായി എഫ്എസ്എസ്എഐ. കുട്ടികൾക്കുള്ള പോഷകാഹാര ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. നെസ്‌ലെയുടെ നാൻ എക്സെല്ല പ്രോ സ്റ്റേജ് 1, ലാക്ടോജൻ പ്രോ 1, മറ്റൊരു ഫോളോ-അപ്പ് ഫോർമുല എന്നീ ഉല്പന്നങ്ങൾക്കെതിരെയാണ് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ ഉല്പന്നങ്ങൾക്ക് നൽകിയ പരസ്യങ്ങളിലെ അവകാശവാദങ്ങളാണ് നടപടിയെടുക്കാൻ കാരണം. കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങളുടെ വില്പന വർധിപ്പിക്കുന്നതിനായി പരസ്യങ്ങൾ നൽകുന്നത് കർശനമായി വിലക്കുന്ന 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ചട്ടങ്ങളുടെ ലംഘനമാണിത്. 1992ലെ ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ട്സ് നിയമവും നെസ്‌ലെ ലംഘിച്ചതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി.
നെസ്‌ലെയുടെ ഫോളോ-അപ്പ് ഫോർമുല സാമ്പിൾ പരിശോധനയിൽ അതിൽ അടങ്ങിയിരിക്കേണ്ട ബയോട്ടിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളെക്കാൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നടത്തിയ പുനഃപരിശോധനയിലും ഗുണനിലവാരമില്ലെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്എസ്എസ്എഐ കർശന നടപടികളിലേക്ക് നീങ്ങിയത്. നെസ്‌ലെക്കെതിരെ നിയമനടപടികൾ വന്നതിന് പിന്നാലെ സെൻസെക്സിൽ സെസ്‌ലെ ഇന്ത്യയുടെ ഓഹരിയുടെ മൂല്യം രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.








0 comments