ad
Deshabhimani

ഇപ്പോൾ ഹവാല പോയിട്ട് 'ഹ' പോലുമില്ല; ഇ ഡിയുടെ കള്ളക്കഥകൾ ഒന്നൊന്നായി പൊളിയുന്നു: എം വി ​ഗോവിന്ദൻ

M V Govindan

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Sep 18, 2026, 05:49 PM | 2 min read

തിരുവനന്തപുരം: സിപിഐ എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സൃഷ്ടിക്കുന്ന കള്ളക്കഥകൾ ഓരോദിവസവും പൊളിഞ്ഞുവീഴുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എക്‌സാലോജിക്‌ കമ്പനിയുമായി ബന്ധപ്പെട്ട്‌ എസ്‌എഫ്‌ഐഒ പുറപ്പെടുവിച്ച ഓര്‍ഡറില്‍ സിപിഐ എം പി ബി അം​ഗം പിണറായി വിജയന്റെ പേര്‌ പരാമര്‍ശിച്ച ഘട്ടത്തില്‍ തന്നെ ഇത്‌ കേസില്‍ പെടുത്താനുള്ള ശ്രമമാണെന്ന് പാര്‍ടി വ്യക്തമാക്കിയിരുന്നു. അന്ന്‌ പറഞ്ഞ കാര്യങ്ങള്‍ ഇന്ന്‌ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌. പിണറായിയുടെ പേര് ഉപയോ​ഗിച്ച് സിപിഐ എമ്മിനെ ലക്ഷ്യം വച്ചുള്ള നീക്കമാണ് നടത്തുന്നതെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സിഎംആര്‍എല്‍ കയ്യില്‍ നിന്ന്‌ കിട്ടിയെന്ന്‌ പറയുന്ന പുസ്‌തകത്തിനകത്ത്‌ നിരവധി പേര്‍ക്ക്‌ പണം നല്‍കിയ കാര്യം എടുത്ത്‌ പറയുന്നുണ്ട്‌. യുഡിഎഫ് നേതാക്കളായ രമേശ്‌ ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടേയുള്ളവരുടെ പേരുകള്‍ അതിലുണ്ട്‌. ഈ നേതാക്കൾ പണം വാങ്ങിയെന്ന് സമ്മതിച്ചിട്ടുമുണ്ട്. വീണ മാത്രമാണ്‌ കമ്പനികള്‍ തമ്മിലുള്ള സേവന കൈമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പണം വാങ്ങിയിട്ടുള്ളത്‌. അതാവട്ടെ ആദായ നികുതി അടച്ചുകൊണ്ടും, ബാങ്ക്‌ വഴി തികച്ചും നിയമാനുസൃതമായ നടപടിക്രമമാണ്‌. നിയമാനുസൃതമായി സര്‍ക്കാരിന്റെ അറിവോടെ നടത്തിയതും, അവരുടെ ഖജനാവില്‍ ലഭിക്കേണ്ടതുമായ പണം നല്‍കിക്കൊണ്ടുള്ളതുമാണ്‌.


എന്നാല്‍, രമേശ്‌ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചില മാധ്യമ സ്ഥാപനങ്ങളും വാങ്ങിയ പണം നിയമാനുസൃതമുള്ളതല്ല. നികുതിയും സര്‍ക്കാരിന്റെ സമ്മതവും ഒന്നും അതിനുണ്ടായിരുന്നില്ല. നിയമാനുസൃതമായി രണ്ട്‌ കമ്പനികള്‍ നടത്തിയ ഇടപാടിന്റെ പിന്നാലെ ഇ ഡി വരികയും, മറ്റുള്ളവയെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്ന രീതി തന്നെ ഈ കേസിന്റെ ലക്ഷ്യമെന്ത്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌.


എക്‌സാലോജിക്‌ കമ്പനിയുടെ ഇടപാടിനെ ഒരു കേസിന്റെ പരിധിയില്‍ കൊണ്ടുവരിക പ്രയാസമാണ്‌ എന്ന്‌ തിരിച്ചറിഞ്ഞപ്പോഴാണ്‌ പുതിയ ഹവാല ഇടപാടുമായി ഇ ഡി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇല്ലാത്ത റെഡ്‌ ബുക്ക്‌ ഉണ്ടെന്നും, പറയാത്ത മൊഴി പറഞ്ഞെന്നും കേസ്‌ അന്വേഷിക്കുന്ന ഏജന്‍സികള്‍ തന്നെ മാധ്യമങ്ങള്‍ക്ക്‌ അവ ചോര്‍ത്തി നല്‍കുകയാണ്‌.


വീണയെ ഇ ഡി ചോദ്യം ചെയ്‌തപ്പോള്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം പോലും ഉണ്ടായില്ല. എന്നിട്ടും സമ്മത മൊഴിയെന്ന്‌ പ്രചരിപ്പിക്കുകയാണ്‌. ബേപ്പൂര്‍ മണ്ഡലത്തില്‍ എംഎൽഎ പി എ മുഹമ്മദ് റിയാസ് വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പ്‌ ഉണ്ടാക്കി തെറ്റായ രീതിയില്‍ പണം പിരിച്ചുവെന്നും കള്ളപ്രചാരണം നടത്തുന്നു. ഓരോ മണ്ഡലത്തിലും വികസനത്തിനുവേണ്ടി എംഎല്‍എമാര്‍ ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കും. അതിനെയാണ്‌ ഹവാല ഗ്രൂപ്പ്‌ എന്ന്‌ പേര്‌ നല്‍കിയത്‌. ഇതിലെ ചാറ്റുകള്‍ പുറത്തുവന്നതോടെ ആ കള്ളക്കഥയും പൊളിഞ്ഞു. ഇപ്പോൾ ഹവാല പോയിട്ട് 'ഹ' പോലുമില്ല.


തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളില്‍ അങ്കലാപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയാണിത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ മൊഴി ഇക്കാര്യം വ്യക്തമാക്കുന്നതാണ്‌. മൂന്ന് രേഖകളില്‍ ബലം പ്രയോഗിച്ച്‌ വിരലടയാളം പതിപ്പിച്ചുവെന്നതാണ്‌ ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഇതിന്‌ സമാനമായ വിധത്തില്‍ സിഎംആര്‍എല്‍ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ സുരേഷ്‌ കുമാറും, ചീഫ്‌ ജനറല്‍ മാനേജര്‍ പി സുരേഷ്‌ കുമാറും ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച്‌ മൊഴി നല്‍കിയ വിവരവും പുറത്തുവന്നിട്ടുണ്ട്‌.


ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്നത്‌ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ബിജെപിക്കും യുഡിഎഫിനും ഒരുപോലെ താല്‍പര്യമുള്ള വിഷയമാണ്‌. ഈ രാഷ്ട്രീയനീക്കത്തിനെതിരെ സിപിഐ എം ശക്തമായി നേരിടുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home