ad
Deshabhimani

മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്: നേപ്പാളിൽ വൻ പ്രതിഷേധം; വിട്ടയക്കണമെന്ന് ആവശ്യം

Nepal.jpg

ഒലി ശർമയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ അമർച്ച ചെയ്യുന്ന പൊലീസ്

വെബ് ഡെസ്ക്

Published on Mar 30, 2026, 04:16 PM | 1 min read

കാഠ്മണ്ഡു: മുൻ പ്രധാനമന്ത്രി കെ പി ഒലി ശർമ്മയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നേപ്പാളിൽ ജനരോഷം ഇരമ്പുന്നു. 2025-ലെ പ്രക്ഷോഭകാലത്ത് നടന്ന വെടിവെപ്പിലും അടിച്ചമർത്തലുകളിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് ശനിയാഴ്ച പുലർച്ചെ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.


പ്രിയ നേതാവിനെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നൂറുകണക്കിന് ആളുകൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ തെരുവിലിറങ്ങി. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.


സെപ്റ്റംബറിലുണ്ടായ പ്രക്ഷോഭത്തിൽ 76-ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒലിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണ കമ്മീഷൻ പ്രോസിക്യൂഷൻ നടപടികൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കളയണമെന്നും ഒലിയെ വിട്ടയക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.


പഴയ പാർലമെന്റ് മന്ദിരത്തിന് സമീപം നടന്ന പ്രതിഷേധ പ്രകടനങ്ങളെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ലാത്തിച്ചാർജും സംഘർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ള 74-കാരനായ ശർമ്മ ഒലി, ആശുപത്രിയിൽ നിന്നാണ് വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായത്.


ഇദ്ദേഹത്തെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഒലിയും ലേഖക്കും നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്നാണ് ഇവരുടെ വാദം. അറസ്റ്റ് ചോദ്യം ചെയ്ത് ഒലിയുടെ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home