പ്രളയത്തിൽ മുങ്ങിയ ബാങ്കിൽ നിന്ന് 51 കോടിയുടെ പണവും സ്വർണവും വീണ്ടെടുത്ത് നേപ്പാൾ പൊലീസ്; വീഡിയോ

കാഠ്മണ്ഡു: പ്രളയത്തിനിടെ ബാങ്ക് ലോക്കറിൽ നിന്ന് 51 കോടിയുടെ പണവും സ്വർണ്ണവും കണ്ടെത്തി നേപ്പാൾ പൊലീസ്. കനത്ത പ്രളയം ബാധിച്ച നേപ്പാളിലെ 'അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്കിന്റെ' തൃശൂലി ദുങ്കേ ശാഖയിൽ നിന്ന് 51 കോടിയിലധികം രൂപയുടെ പണവും സ്വർണവും പ്രധാനപ്പെട്ട രേഖകളും നേപ്പാൾ പൊലീസ് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
പ്രളയത്തെത്തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഏകദേശം 8 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് പൊലീസ് സംഘം ഇവ വീണ്ടെടുത്തത്. ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന 1.5 കോടി രൂപയുടെ പണവും 50 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണ ശേഖരവും പ്രധാനപ്പെട്ട ബാങ്കിംഗ് രേഖകളുമാണ് പൊലീസ് കണ്ടെടുത്തത്.
കണ്ടെടുത്ത സ്വർണവും പണവുമെല്ലാം ഉന്നത സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. നേപ്പാൾ പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ ഈ ദൗത്യത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് സോഷ്യൽമീഡിയ പേജിലൂടെ വീഡിയോ കണ്ടത്.










0 comments