തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ രോഗി മരിച്ചു

തിരുവനന്തപുരം/ചടയമംഗലം: പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന രോഗി കട്ടിലിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചു. ചടയമംഗലം വെട്ടുവഴി പുളിന്തിട്ട വീട്ടിൽ സുകുമാരപിള്ള (87)യാണ് തിങ്കളാഴ്‌ച രാവിലെ 8.45ന് മരിച്ചത്. വീഴ്‌ചയിൽ തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിക്കെതിരെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
അബോധാവസ്ഥയിലായിരുന്ന രോഗിയെ പരിചരിക്കുന്നതിലും കൃത്യമായ ചികിത്സ നൽകുന്നതിലും ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്‌ചയുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. വീഴാതിരിക്കാൻ കട്ടിലിന്റെ വശങ്ങളിൽ ഗ്രിൽ വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല. കട്ടലിൽ നിന്നു വീണ ശേഷം അടിയന്തരചികിത്സ നൽകുന്നതിലും വീഴ്‌ചയുണ്ടായി.
തിരുവോണദിവസം വീട്ടിൽ സദ്യയുണ്ടാക്കുന്നതിനിടെ പകൽ 12നാണ് സുകുമാരപിള്ള കുഴഞ്ഞുവീണത്. ഉടൻ വീടിനടുത്ത് തന്നെ താമസിക്കുന്ന മക്കളെത്തി ആംബുലൻസിൽ കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെത്തുടർന്ന് വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുവന്നു. പ്രാഥമിക പരിശോധനകൾക്കുശേഷം 28–-ാം വാർഡിലേക്ക് മാറ്റി.
ശനിയാഴ്‌ച പകൽ 1.30നാണ് കട്ടിലിൽനിന്ന് വീണത്. ബന്ധുക്കൾ ഉടൻ ഡ്യൂട്ടിറൂമിൽ വിവരം അറിയിച്ചു. എന്നാൽ, തലയ്ക്കും കണ്ണിന്റെ ഭാഗത്തും ഗുരുതര പരിക്കേറ്റ രോഗിയെ കട്ടിലിൽ കിടത്തി തന്നെ മുറിവ് തുന്നിക്കെട്ടി. കുറച്ചു കഴിഞ്ഞപ്പോൾ മുറിവിൽനിന്ന് അമിത രക്തസ്രാവവും ശ്വാസംമുട്ടലുമുണ്ടായി. ന്യൂറോവിഭാഗം ഡോക്ടറെ കണ്ടെങ്കിലും രോഗിക്ക് പ്രായം കൂടുതലായതിനാൽ കൂടുതൽ ചികിത്സയോ ശസ്‌ത്രക്രിയയോ നടത്തിയിട്ട് കാര്യമില്ലെന്നായിരുന്നു നിലപാട്.
രാവിലെ സംഭവിച്ച മരണം പൊലീസിൽ കൃത്യസമയത്ത് അറിയിക്കുന്നതിലും ആശുപത്രി അധികൃതർ പരാജയപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാനും ഏറെ വൈകി. സുകുമാരപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ. മറ്റുമക്കൾ: അനിൽകുമാർ, എസ് ഗിരിജകുമാരി, എസ് ശ്യാമളദേവി (ചടയമംഗലം പഞ്ചായത്ത്‌അംഗം), ഉണ്ണിക്കൃഷ്‌ണപിള്ള. മരുമക്കൾ: രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ശ്രീകല, സിനി.
ഇൗ സർക്കാർ വന്ന ശേഷം ആരോഗ്യരംഗത്തെ അനാസ്ഥമൂലമുള്ള അനിഷ്‌ട സംഭവങ്ങൾ പതിവാകുകയാണ്. ജൂണിൽ തിരുവനന്തപുരം മൈഡിക്കൽ കോളേജിൽ നീരിക്ഷണമുറിയിൽ കിടന്ന വയോധികനും കട്ടിലിൽനിന്ന് വീണ് മരിച്ചിരുന്നു. മരുന്നു മാറി നൽകി രോഗി മരിച്ചതും ഗുരുതരാവസ്ഥയിൽ വന്ന രോഗി ക്യൂവിൽ നിന്ന് മരിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു.









0 comments