ആശ്വാസം; നേപ്പാളിൽ കുടുങ്ങിയ 47 മലയാളികള്‍ തിരികെ നാട്ടിലെത്തി

കോഴിക്കോട് നിന്നുള്ള സംഘം നേപ്പാൾ സന്ദർശനത്തിനിടെ
കൊയിലാണ്ടി : പ്രളയത്തിനിടെ നേപ്പാളിൽ കുടുങ്ങിയ 47 കോഴിക്കോട്ടുകാർ തിങ്കളാഴ്ച നാട്ടിലെത്തി. തിങ്കൾ ഉച്ചയോടെയാണ് സംഘം തിരിച്ചെത്തിയത്. നേരിട്ട് പ്രളയ സ്ഥലങ്ങളിൽപ്പെട്ടവരല്ലെങ്കിലും പ്രളയം പരോക്ഷമായി ഈ സംഘത്തെയും ബാധിച്ചിരുന്നു. സന്ദർശക മാപ്പിലുണ്ടായിരുന്ന കാഠ്മണ്ഡുവിൽ ഇവർക്ക് എത്താനായില്ല. ചേമഞ്ചേരി, ഉള്ളിയേരി, ബാലുശേരി, എന്നിവിടങ്ങളിൽനിന്നുള്ളവരാണ് സംഘത്തിലുള്ളത്.
ഞായർ രാവിലെ ഒമ്പതിന് ബൈരാവയിൽനിന്ന് ബസ് മാർഗമാണ് സംഘം മടക്കയാത്ര ആരംഭിച്ചത്. 11.30ന് ചെക്ക് പോസ്റ്റ് ക്ലിയറൻസ് കിട്ടി. ഗൊരഖ്പുർ വിമാനത്താവളത്തിലെത്തി വൈകിട്ട് ആറിന് ബംഗളൂരുവിലേക്ക് തിരിച്ചു. 8.30ന് ബംഗളൂരു വിമാനത്താവളത്തിലെത്തി. നോർക്ക അധികൃതർ സ്വീകരിക്കാൻ അവിടെയെത്തിയിരുന്നു. രാത്രി പത്തോടെ ബസിൽ പുറപ്പെട്ട സംഘം ഉച്ചയോടെയാണ് നാട്ടിലെത്തിയത്.
ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ പ്രധാനാധ്യാപകനും പ്രഭാഷകനുമായ കെ ഭാസ്കരൻ, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എൻ വി സദാനന്ദൻ എന്നിവരുൾപ്പെടെ സംഘത്തിലുണ്ട്. വ്യാഴം രാവിലെ പൊഖാറയിൽനിന്ന് കാഠ്മണ്ഡുവിലെത്താനായിരുന്നു പദ്ധതി. പ്രളയസമയത്ത് 250 കി.മീ. ദൂരത്തായിരുന്നു സംഘമുള്ളത്. 21നാണ് കോഴിക്കോട്ടുനിന്ന് യാത്ര തിരിച്ചത്. ഓണാവധി ആഘോഷിക്കാനായി കോഴിക്കോട്ടെ ഏജൻസി മുഖേനയാണ് സംഘം നേപ്പാളിലെത്തിയത്.










0 comments