അധികാരമേറ്റിട്ട് കഷ്ടിച്ച് ഒരുമാസം,നേപ്പാൾ ആഭ്യന്തര മന്ത്രി പുറത്ത്

Home Minister Sudan Gurung
കാഠ്മണ്ഡു: നേപ്പാളിൽ പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികയുന്നതിനു മുൻപേ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് രാജി വെച്ചു. മാർച്ച് 27-നാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് രാജി.
വിവാദ വ്യവസായികളുമായുള്ള ബിസിനസ് ബന്ധങ്ങളും ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ഇടപെടലുകളും ഗുരുങ്ങിനെതിരെ ശക്തമായ ആരോപണങ്ങളായി. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ മന്ത്രി ഗുരുങ്ങിന്റെ രാജി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി തന്നെയാണ് വഹിക്കുന്നത്.
സമാനമായ രീതിയിൽ അഴിമതി ആരോപണം നേരിട്ട തൊഴിൽ മന്ത്രി ദീപ് കുമാർ ഷായെയും പ്രധാനമന്ത്രി പുറത്താക്കിയിരുന്നു. ഏപ്രിൽ 9-ന് രാജിവെച്ച് ഒഴിയേണ്ടി വന്ന മന്ത്രി ദീപ് കുമാർ ഷാ തന്റെ പദവിയിൽ വെറും 15 ദിവസമാണ് ഉണ്ടായിരുന്നത്.
2025 സെപ്റ്റംബറിൽ നേപ്പാളിൽ വൻ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് കെ പി ശർമ്മ ഒലി സർക്കാരിനെ പുറത്താക്കി ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിൽ വന്നത്. ജെൻ സി പ്രക്ഷോഭകര്‍ക്ക് നൽകിയ ഉറപ്പ് പ്രകാരം അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന വാഗ്ദാനവുമായാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നിഷ്പക്ഷമായി നടക്കാനാണ് ഈ രാജിയെന്ന് സുദൻ ഗുരുങ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് അദ്ദേഹം കാഠ്മണ്ഡുവിലെ തമേലിൽ ഡിജെ ആയി അറിയപ്പെട്ടു. തമേലിലെ ഏറ്റവും വലിയ നൈറ്റ് ക്ലബ്ബുകളിൽ ഒന്നായ Club OMG യുടെ ഉടമയായിരുന്നു. ഇവന്റ് മാനേജ്‌മെന്റ് രംഗത്തും അദ്ദേഹം സജീവമായിരുന്നു.
2015-ലെ നേപ്പാൾ ഭൂകമ്പത്തിന് ശേഷമാണ് അദ്ദേഹം തന്റെ വിനോദരംഗത്തെ കരിയർ ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ഭൂകമ്പ സമയത്ത് ഹാമി നേപ്പാൾ Hami Nepal എന്ന എൻജിഒ വഴി ദുരന്തനിവാരണ രംഗത്ത് വലിയ ഇടപെടലുകൾ നടത്തി. കോവിഡ്-19 കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളിലും ഓക്സിജൻ വിതരണം, ഭക്ഷണമെത്തിക്കൽ തുടങ്ങിയവയിൽ 'ഹാമി നേപ്പാൾ' മുന്നിലുണ്ടായിരുന്നു.
ഗോർഖ-1 മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. പാര്‍ടിയെ സഖ്യത്തിൽ എത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്ക വഹിച്ചു.
ബാലേന്ദ്ര ഷാ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി നിയമിതനായ അദ്ദേഹം, അധികാരമേറ്റ ഉടൻ തന്നെ പഴയ അഴിമതി കേസുകൾ വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ട് ശ്രദ്ധ നേടിയിരുന്നു.










0 comments