കാണാമറയത്ത് 3000ഓളം പേർ, നേപ്പാളിൽ തിരച്ചിൽ തുടരുന്നു; മരണം 768

കാഠ്മണ്ഡു: നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 768 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,044 പേരെയാണ് പ്രളയത്തിൽ കാണാതായത്. ഇവർക്കായി അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിൽ 16 പേർ മരിച്ചതായും 546 പേരെ കാണാതായതായും ചൈനീസ് സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.
പ്രളയത്തിൽ കാണാതായവരെ തിരയുന്നതിനും വിദൂര പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുറത്തെത്തിക്കുന്നതിനുമായി രക്ഷാപ്രവർത്തകർ വിവിധ സംഘങ്ങളായി ശ്രമം തുടരുകയാണ്. എട്ട് ദുരിതബാധിത ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ചിതാവാൻ - 264, നവാൽപരസി (കിഴക്ക്) - 194, നവാൽപരസി (പടിഞ്ഞാറ്) - 100, ഗൂർഖ - 58, ധാദിംഗ് - 50, നുവാക്കോട്ട് - 52, തനാഹു - 37, റസുവ - 13 എന്നിങ്ങനെയാണ് കണക്ക്.
പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്. ഏകദേശം 25 മൈൽ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പലയിടത്തും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.
രക്ഷാ പ്രവർത്തനത്തിനത്തിനുൾപ്പെടെ നേപ്പാൾ അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഹെവി-ലിഫ്റ്റ് ഡ്രോണുകൾ, ഡിഎൻഎ ടെസ്റ്റിംഗ് കിറ്റുകൾ, ബോഡി-ഫ്രീസർ സ്റ്റോറേജ് യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ രക്ഷാ പ്രവർത്തനത്തിനും അനന്തര നടപടികൾക്കും ആവശ്യമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 8,730 പേരെ രക്ഷപ്പെടുത്തിയതായി എൻഡിആർഎംഎ അറിയിച്ചു. മിന്നൽ പ്രളയത്തിൽ നേപ്പാളിലും അതിർത്തി രാജ്യങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കുറഞ്ഞത് 93,000 പേരെയെങ്കിലും പ്രളയം സാരമായി ബാധിച്ചതായാണ് റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റിയുടെ കണക്ക്.
18 സ്കൂളുകൾ പൂർണമായും തകർന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെട്ടു.17,000 കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി.
നേപ്പാൾ ദുരന്തത്തെത്തുടർന്ന് വെള്ളപ്പൊക്ക അപകടസാധ്യതകൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഹിമാനികളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, നേപ്പാളിലേക്ക് വിനോദയാത്രയ്‌ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ഞായർ പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. ശനിയാഴ്ച നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തിയിരുന്നു.
ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ടിബറ്റൻ അതിർത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. നേപ്പാൾ അതിർത്തിക്കടുത്തുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.










0 comments