‘യഥാർഥ ശത്രു’വിനെ തിരിച്ചറിഞ്ഞ് നേരിടണം; മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

മൊജ്തബ ഖമനേയി
തെഹ്റാൻ : ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി. 'ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണാധികാരികളോട്, പ്രത്യേകിച്ച് പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങളോട്, നിങ്ങളുടെ യഥാർഥ ശത്രുവിനെ തിരിച്ചറിയുക, അവരുടെ പദ്ധതി മനസിലാക്കുക, അതിനെ നേരിടുക ,' -ഖമനേയി പറഞ്ഞു.
ഗൾഫ് മേഖലയിലെ രാജ്യങ്ങൾ ശത്രുവിന്റെ പദ്ധതികൾ മനസിലാക്കി അതിനെതിരെ നിലകൊള്ളണമെന്നാണ് ഖമനേയിയുടെ മുന്നറിയിപ്പ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച പുറത്തിറക്കിയ സന്ദേശത്തിലാണ് പ്രതികരണം.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മൊജ്തബ ഖമനേയി ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുകയാണ്. യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ, എൽഎൻജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനം ഈ കടലിടുക്ക് വഴിയായിരുന്നു കടന്നുപോയിരുന്നത്.
ഒമാനുമായി താൽക്കാലിക സമുദ്രപാത സംബന്ധിച്ച് ധാരണയിലെത്തിയതായി ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി ശനിയാഴ്ച അറിയിച്ചു. ജൂണിൽ യുഎസും ഇറാനും ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. അതുവഴി കടക്കാൻ ആഗ്രഹിക്കുന്ന ഏത് കപ്പലും ഇറാനുമായി ഏകോപിപ്പിക്കണം, ഘരീബാബാദി പറഞ്ഞു. താൽക്കാലിക സംയുക്ത കപ്പൽപാത ഒരുക്കുന്നതും കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതും സംബന്ധിച്ച് ഇറാനും ഒമാനും ചർച്ചകൾ തുടരുകയാണ്. ഖത്തറും പാകിസ്ഥാനും നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി വ്യാഴാഴ്ച തെഹ്റാൻ സന്ദർശിച്ചിരുന്നു. സംഘർഷം കുറയ്ക്കുന്നതും ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.









0 comments