നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താനാകില്ല: പാർവതി തിരുവോത്ത്

ശരിക്കുവേണ്ടി ശബ്ദമുയർത്തുന്നവരെയും അതിനായി നിലകൊള്ളുന്നവരെയും വില്ലനായി ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിലുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ആരൊക്കെ മാറി നിന്നാലും ഒഴിവാക്കപ്പെട്ടാലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഏറ്റവുമൊടുവിൽ കല മാത്രമായിരിക്കും നിലനിൽക്കുകയെന്നും പാർവതി പറഞ്ഞു. 'പ്രഥമ ദൃഷ്യട്യാ കുറ്റക്കാർ' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു പാർവതിയുടെ പ്രതികരണം.
കസബ സിനിമയെക്കുറിച്ച് പഴയ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പാർവതി പറഞ്ഞു. ആ ചിത്രത്തെക്കുറിച്ച് ഇപ്പോൾ ചോദിച്ചാലും തന്റെ അഭിപ്രായം അതുതന്നെയായിരിക്കും, ആര് എന്ത് പറഞ്ഞാലും നിലപാടിൽ മാറ്റമുണ്ടാകില്ല. അത് തന്റെ ചിന്താഗതിയാണ്. - പാർവതി പറഞ്ഞു.
കസബ പരാമർശത്തിന് ശേഷം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, വെളിപ്പെടേണ്ട കാര്യങ്ങളും ആളുകളും പുറത്തുവന്നു എന്നായിരുന്നു പാർവതിയുടെ മറുപടി. താൻ മാറി നിന്നാൽ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല, അത് നികത്താൻ പറ്റാത്ത ഒരു വിടവൊന്നും ആയിരിക്കില്ല. ഒരു കാലത്ത് താൻ വളരെ സന്തോഷത്തോടെ മാറി നിൽക്കുകയായിരുന്നു. ഒന്നും നേടിയെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും, കഠിനാധ്വാനം ചെയ്തും തിരഞ്ഞെടുത്തും മാത്രമേ മുന്നോട്ട് പോകൂ എന്നും പാർവതി വ്യക്തമാക്കി.
വുമൺ ഇൻ സിനിമ കളക്ടീവ് (WCC) എന്ന കൂട്ടായ്മ രൂപീകരിച്ചത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ല. ഈ വഴി മുന്നോട്ട് പോയാൽ കരിയർ അവസാനിച്ചേക്കാം എന്ന ബോധ്യത്തോടെ തന്നെയാണ് മുന്നോട്ട് പോയതെന്നും, ആ യാത്രയിൽ പല ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാർവതി പറഞ്ഞു. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ആർക്കും ഭയപ്പെടുത്താനാകില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.










0 comments