ad
Deshabhimani

ഗതാഗത പിഴ കുടിശ്ശിക; ദുബായിൽ 497 വാഹനം പിടിച്ചെടുത്തു

car park dubai

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 30, 2026, 07:48 PM | 2 min read

ദുബായ് : കുടിശ്ശികയായ ഗതാഗത പിഴയും കാലാവധി കഴിഞ്ഞ രജിസ്ട്രേഷനുമായി റോഡിലിറങ്ങിയ 497 വാഹനം ഇ‍ൗ വർഷത്തിന്റെ ആദ്യപകുതിയിൽ പിടിച്ചെടുത്തതായി ദുബായ് പൊലീസ്. പിഴ അടയ്‌ക്കാതെയും വാഹന രജിസ്ട്രേഷൻ പുതുക്കാതെയും വർഷങ്ങളായി നിരത്തിലിറങ്ങിയ വാഹനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ചില വാഹനങ്ങളിൽ പതിനായിരക്കണക്കിന് ദിർഹത്തിന്റെ പിഴ കുടിശ്ശിക ഉണ്ടായിരുന്നെന്നും ദുബായ് പൊലീസിലെ ട്രാഫിക് ഡയറക്‌ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.


ചില വാഹന ഉടമകൾ വർഷങ്ങളായി രജിസ്ട്രേഷൻ പുതുക്കിയിരുന്നില്ല. കുടിശ്ശിക പിഴ അവഗണിക്കുന്നത് വാഹനം പിടിച്ചെടുക്കാനും നിയമനടപടിക്കും സാമ്പത്തിക ബാധ്യത വർധിക്കാനും വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഇടയാക്കും. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനം ഓടിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ്‌. സാങ്കേതിക പരിശോധന പൂർത്തിയാക്കി വാഹനം ഓടിക്കാൻ യോഗ്യമാണെന്ന് ഉറപ്പാക്കാത്ത സാഹചര്യത്തിൽ അപകടസാധ്യത വർധിപ്പിക്കും.


ഗതാഗത പിഴ ഈടാക്കുന്നത് വരുമാനം വർധിപ്പിക്കാനുള്ള നടപടിയല്ല. അപകടകരമായ ഡ്രൈവിങ് തടയുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കുറയ്‌ക്കുകയും ഗതാഗതനിയമപാലനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.


വാഹനം പിടിച്ചെടുക്കുംമുമ്പ് ഉടമകളുമായി പൊലീസ് വിവിധ മാർഗങ്ങളിലൂടെ ബന്ധപ്പെടുകയും കുടിശ്ശിക അടയ്‌ക്കാനും രജിസ്ട്രേഷൻ പുതുക്കാനും നിർദേശിക്കുന്നുണ്ട്. ഫോൺ, എസ്എംഎസ്, ഇ-മെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് അറിയിപ്പ്‌ നൽകുന്നത്. വാഹന ഉടമകൾ ആർടിഎ നൽകിയ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ കൃത്യമായി പുതുക്കണം. ഇതുവഴി പിഴകളും മറ്റ് പ്രധാന അറിയിപ്പുകളും സമയബന്ധിതമായി ലഭിക്കും.


കുടിശ്ശിക ഒരുമിച്ച് അടയ്‌ക്കാൻ ബുദ്ധിമുട്ടുള്ള വാഹന ഉടമകൾക്ക് തവണകളായി പണം അടയ്‌ക്കാനുള്ള സൗകര്യങ്ങളും ലഭ്യമാണ്. ദുബായ് പൊലീസ് ആപ്പ് വഴിയും ടാബി സേവനം വഴിയും അംഗീകൃത സ്ഥാപനങ്ങളുടെ പലിശരഹിത തവണ സംവിധാനങ്ങളിലൂടെയും പിഴ അടയ്‌ക്കാം. ദുബായ് പൊലീസ് സ്‌മാർട്ട് ആപ്, വെബ്സൈറ്റ്, സ്വയം സേവന കിയോസ്‌കുകൾ, സ്‌മാർട്ട് പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ വാഹന ഉടമകൾക്ക് 24 മണിക്കൂറും ഗതാഗത പിഴ പരിശോധിക്കാനും അടയ്‌ക്കാനും സാധിക്കും.


പിഴ വലിയ തുകയായി കുമിഞ്ഞുകൂടുംമുമ്പ് വാഹന ഉടമകൾ പതിവായി തങ്ങളുടെ ട്രാഫിക് രേഖകൾ പരിശോധിക്കണം. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഓരോ വാഹന ഉടമയുടെയും നിയമപരമായ ഉത്തരവാദിത്വമാണ്‌. നിയമലംഘനം ഒഴിവാക്കുന്നതാണ് പിഴ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാനുള്ള നല്ല മാർഗമെന്നും ജുമ ബിൻ സുവൈദാൻ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home