ad
Deshabhimani

പുതിയ അധ്യയന വർഷം; യുഎഇയിൽ 24,000 വിദ്യാഭ്യാസ പ്രവർത്തകർക്ക് പരിശീലനം

യുെഇ
വെബ് ഡെസ്ക്

Published on Aug 30, 2026, 07:10 PM | 1 min read

ദുബായ് : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്‌കൂൾ മേധാവികൾ, അധ്യാപകർ, വിദ്യാഭ്യാസ ഉപദേശകർ, പിന്തുണ ജീവനക്കാർ തുടങ്ങി 24,000ൽ അധികം പേർക്ക്‌ പ്രത്യേക പരിശീലനവുമായി യുഎഇ. വിദ്യാഭ്യാസ മേഖലയിൽ നിർമിത ബുദ്ധിയുടെ ഉപയോഗം, നേതൃത്വ മികവ്, എല്ലാവരെയും ഉൾക്കൊള്ളുന്ന അധ്യാപനരീതി തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് പരിശീലനം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിങ്കൾമുതൽ 28 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം 80ൽ അധികം പരിശീലന പരിപാടികളും ഹൈബ്രിഡ് ശിൽപ്പശാലകളും നടക്കും. നേരിട്ടും ഓൺലൈനായും പരിശീലനത്തിൽ പങ്കെടുക്കാം.


ആഗോള വിദ്യാഭ്യാസരംഗത്തെ പുതിയ മുന്നേറ്റത്തിനനുസരിച്ച് യുഎഇയിലെ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ തൊഴിൽപരമായ പരിശീലനമാണ് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ആധുനികവൽക്കരണത്തിന്റെ അടിത്തറയെന്ന് വിദ്യാഭ്യാസമന്ത്രി സാറ അൽ അമീരി പറഞ്ഞു. നിർമിത ബുദ്ധിയെ വിദ്യാഭ്യാസ രംഗവുമായി കൂടുതൽ ഫലപ്രദമായി സംയോജിപ്പിക്കാനും സ്ഥാപനതല നവീകരണം ശക്തിപ്പെടുത്താനും അധ്യാപകരെ ഭാവിയിലെ വിദ്യാഭ്യാസ അന്തരീക്ഷത്തിന് നേതൃത്വം നൽകാൻ പ്രാപ്തരാക്കാനുമുള്ള ദേശീയ വേദിയാണ് പരിശീലന വാരമെന്നും മന്ത്രി വ്യക്തമാക്കി.


500 പ്രിൻസിപ്പൽമാരും 1200 വൈസ് പ്രിൻസിപ്പൽമാരും ഉൾപ്പെടെ 1700 സ്‌കൂൾ മേധാവികൾക്കായി പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്. വിവരാധിഷ്ഠിത തീരുമാനമെടുക്കൽ, നിർമിത ബുദ്ധിയുടെ പ്രായോഗിക ഉപയോഗം, ദേശീയ സ്വത്വവും എമിറാത്തി മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള സ്‌കൂൾ സംസ്‌കാരം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home