ad
Deshabhimani

കരുവാറ്റ കൊലപാതകം; ആൺകുട്ടികളെ ചോദ്യംചെയ്യുന്നത്‌ തുടരും

Karuvatta Murder
വെബ് ഡെസ്ക്

Published on Aug 30, 2026, 07:34 PM | 1 min read

ആലപ്പുഴ : കരുവാറ്റയിൽ വയോധികനെ കൊന്ന്‌ സ്വർണം കവർന്ന കേസിൽ കുറ്റാരോപിതരായ ആൺകുട്ടികളെ മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിൽ ചോദ്യംചെയ്യുന്നത്‌ തിങ്കളാഴ്‌ചയും തുടരും. ശനിയാഴ്‌ച കുറ്റാരോപിതനായ പതിനേഴുകാരന്റെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയിരുന്നു. പതിനാറുവയസുകാരിൽ ഒരാളെ ചോദ്യംചെയ്യുന്നത്‌ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. തിങ്കളാഴ്‌ച ഇതുതുടരുന്നതിനൊപ്പം മൂന്നാമനെയും ചോദ്യംചെയ്യും. ജില്ലാ പ്രോബെഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബി വിനോദ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ ചോദ്യംചെയ്യുന്നത്‌. ഇവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ അപേക്ഷയിൽ തിങ്കളാഴ്‌ചയും വാദം തുടരും.


കുട്ടികൾ ഉൾപ്പെട്ട അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കുറ്റാരോപിതർക്ക്‌ പ്രായപൂർത്തിയാകാത്തവരെന്ന പരിഗണന നൽകുന്നത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നൽകുമെന്നുമാണ്‌ പ്രൊസിക്യൂഷൻ വാദിച്ചത്‌. ദൃക്സാക്ഷികളില്ലാത്ത കേസിൽ തെളിവുശേഖരിക്കുന്നത് നിർണായകമാണെന്നും പ്രോസിക്യൂഷനായി അസിസ്റ്റന്റ്‌ പബ്ലിക് പ്രോസിക്യൂട്ടർ മനു കുല്ലമ്പള്ളി വാദിച്ചത്‌. ചോദ്യംചെയ്യൽ പൂർത്തിയായശേഷം കുറ്റാരോപിതരുടെ മൊഴികളുടെകൂടി അടിസ്ഥാനത്തിൽ ഇവരെ മുതിർന്നവരായി പരിഗണിച്ച്‌ കസ്‌റ്റഡിയിൽ വിടണമെന്ന വാദം പ്രൊസിക്യൂഷൻ വീണ്ടും ഉന്നയിക്കും. ശനിയാഴ്‌ച രണ്ടുമുതൽ 4.45 വരെയാണ്‌ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡ്‌ ചോദ്യംചെയ്യുന്നതിനായി അനുവദിച്ചത്‌. ഇവരുടെ വിരലടയാളം ശേഖരിക്കാനും അനുവദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും ബോർഡിന് മുന്നിൽ അവതരിപ്പിച്ചതിന്‌ പിന്നാലെയായിരുന്നു ഇത്‌.


കേസിൽ ആദ്യ കുറ്റാരോപിതരായ ആൺകുട്ടികളെ ചോദ്യംചെയ്‌ത്‌ തെളിവെടുപ്പ്‌ പൂർത്തിയാക്കിയ ശേഷം കുറ്റകൃത്യം ആസൂത്രണംചെയ്ത എട്ടാംക്ലാസുകാരിയെ ചോദ്യംചെയ്യുന്നതിനായി അന്വേഷകസംഘം അപേക്ഷ നൽകിയേക്കും. നിലവിൽ സാമൂഹിക ക്ഷേമവകുപ്പിന്റെ കോഴിക്കോട്ടെ സംരക്ഷണകേന്ദ്രത്തിൽ കഴിയുകയാണ്‌ പെൺകുട്ടി.


ആ​ഗസ്ത് 17നാണ് അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്വേഷണത്തിലാണ് ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരിയാണ് കൊലയ്ക്കുപിന്നിലെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളാണ് കൊല നടത്തിയത്. അമിതമായ ഫോൺ ഉപയോഗത്തിന്റെ പേരിൽ ശിവൻകുട്ടിയും പെൺകുട്ടിയുമായി മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും പ്രതികൾ അപഹരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home