ad
Deshabhimani

നേപ്പാൾ ദുരന്തം: മരണം 584

print edition രക്ഷതേടി

nepal
വെബ് ഡെസ്ക്

Published on Aug 29, 2026, 02:17 AM | 1 min read

ന്യൂഡൽഹി: നേപ്പാൾ –ടിബറ്റ്‌ അതിർത്തിയിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 584 ആയി. നേപ്പാളിൽ 579 ഉം ചൈനയുടെ ടിബറ്റൻ മേഖലയിൽ അഞ്ച്‌ മരണവുമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. നേപ്പാളിൽ 1924 പേരെയും ചൈനയിൽ 558 പേരെയും കാണാതായി. 320 ഇന്ത്യക്കാരും ഇക്കൂട്ടത്തിലുണ്ടെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ്‌ രാജ്യങ്ങളിൽ പ‍ൗരത്വമുള്ള നൂറ്‌ ഇന്ത്യൻ വംശജരെയും കാണാതായി. ഇവരിൽ ഭൂരിഭാഗവും കൈലാസ്‌ മാനസരോവർ തീർഥാടനത്തിനെത്തിയവരാണ്‌. കാണാതായവരിൽ 30 രാജ്യങ്ങളിൽനിന്നുള്ളവരുണ്ടെന്നാണ്‌ റിപ്പോർട്ട്‌.


96 ഇന്ത്യാക്കാർ ചൈനയിൽനിന്ന്‌ കരമാർഗം നേപ്പാളില്‍ സുരക്ഷിതരായി എത്തി. നേപ്പാളിലെ അപകടമേഖലയിൽ കുടുങ്ങിയ 85 ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള 21 പേർ കാഠ്‌മണ്ഡുവിൽനിന്ന്‌ വിമാനമാർഗം ഡൽഹിയിലെത്തി. നിർമാണത്തിലുള്ള ത്രിശൂലി–1 ജലവൈദ്യുത പ്രദേശത്ത്‌ കുടുങ്ങിയ 73 ഇന്ത്യൻ തൊഴിലാളികളിൽ 63 പേരെ രക്ഷിച്ചു. പ്രളയമേഖലയിൽ കുടുങ്ങിയ 555 വിനോദസഞ്ചാരികളെയും സുരക്ഷിതരായി ഒഴിപ്പിച്ചെന്ന്‌ ചൈന വിദേശമന്ത്രാലയം അറിയിച്ചു.


ചൈനയിൽ കാണാതായവരിൽ 260 പേർ വിദേശ വിനോദസഞ്ചാരികളും തീർഥാടകരുമാണ്‌. ഇവരിൽ ഇന്ത്യക്കാർ ഉണ്ടോയെന്ന്‌ സ്ഥിരീകരണമില്ല. ​അതിനിടെ വീണ്ടും മിന്നൽ പ്രളയമുണ്ടാകാമെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു. മിന്നല്‍ പ്രളയത്തിന്‌ തുടക്കമായ സ്ഥലത്ത്‌ അവശിഷ്ടങ്ങൾ അടിഞ്ഞ് രണ്ട്‌ തടാകങ്ങൾ രൂപപ്പെട്ടതാണ്‌ വീണ്ടും ആശങ്കയ്‌ക്ക്‌ ഇടയാക്കിയത്‌. ജലമൊഴുക്ക്‌ നിയന്ത്രണവിധേയമെന്ന്‌ ചൈന അറിയിച്ചതിനെത്തുടർന്ന്‌ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.


റോഡുകളും പാലങ്ങളും തകർന്നതിനാൽ വൻനാശം വിതച്ച ഇടങ്ങളിലേക്ക്‌ രക്ഷാപ്രവർത്തകർക്ക്‌ ഇനിയും എത്താനായില്ല. ഇന്ത്യയും ചൈനയും അടക്കം വിവിധ രാജ്യങ്ങൾ രക്ഷാദൗത്യത്തില്‍ സഹായിക്കാമെന്ന്‌ അറിയിച്ചെങ്കിലും സഹായം വേണ്ടെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home