കുടിശ്ശിക ലഭിച്ചില്ല; ഓണം മങ്ങി ജല അതോറിറ്റി കരാറുകാരും തൊഴിലാളികളും

വടകര
ഓണം സാമ്പത്തിക ആശ്വാസത്തിൽനിന്നും ജല അതോറിറ്റി കരാറുകാരെ അവഗണിച്ചതായി പരാതി. അറ്റകുറ്റപണി ചെയ്ത വകയിൽ 19 മാസത്തെ കുടിശ്ശിക കിട്ടാനുണ്ട്. വടകര ഡിവിഷന് കീഴിലുള്ള പേരാമ്പ്ര, കൊയിലാണ്ടി, വടകര സബ് ഡിവിഷനും കൂടി 20 മെയിന്റനൻസ് കരാറുകാരാണുള്ളത്. ഇവരുടെ കൂടെ 100ൽപരം തൊഴിലാളികളുമുണ്ട്. വടകര ഡിവിഷന് കീഴിൽ മാത്രം നാലു കോടി രൂപയോളം അറ്റകുറ്റപണി വകയിൽ കുടിശ്ശികയുണ്ട്. മറ്റ് ഇനങ്ങളിലും കുടിശ്ശിക നിലനിൽക്കുന്നു. സാധാരണ ഓണത്തിന് മുന്നേ കുറച്ച് മാസത്തെ കുടിശ്ശിക ലഭിക്കാറുണ്ടെന്ന് കരാറുകാർ പറയുന്നു. ഇത്തവണ ഓണത്തിന് തലേദിവസം വരെ പണം വരും എന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും നിരാശയായിരുന്ന ഫലം. ഇതിനാൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനില്ലെന്നും ഓണം ആഘോഷിക്കാനായില്ലെന്നും കരാറുകാർ പറഞ്ഞു. ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും ആണ് പ്രവൃത്തിക്ക് കരാറുകാർ പണം കണ്ടെത്തിയത്. ചെറുകിട കരാറുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ അധികൃതർ ഇടപെടണമെന്ന് ഓൾ ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ വടകര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments