യുവാവ് പിടിയിൽ
എസ്ഐ ചമഞ്ഞ് തട്ടിപ്പും എംഡിഎംഎ വിൽപ്പനയും

പ്രതി റോജിത്ത്, തിരിച്ചറിയൽ കാർഡിനായി നിർമിച്ച ഫോട്ടോ
ഫറോക്ക്
പൊലീസ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി വിൽപ്പനയും സാമ്പത്തിക തട്ടിപ്പും പതിവാക്കിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഫറോക്ക് ചുങ്കത്തിന് സമീപം കള്ളിത്തൊടി പരീക്കാട് പറമ്പ് കെ റോജിത്ത് (41) നെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്നും 2.54 ഗ്രാം എംഡിഎംഎ, എസ്ഐയുടെ യൂണിഫോമിലുള്ള നിരവധി ഫോട്ടോകൾ, 40000 രൂപ, ലഹരി ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ട്യൂബുകൾ, മൊബൈൽ ഫോണുകൾ, പ്രിന്റർ, എയർ പിസ്റ്റൾ, കൈ വിലങ്ങ്, ലാപ് ടോപ്പ് എന്നിവ പിടിച്ചെടുത്തു. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നാണ് വ്യാഴം രാത്രി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് എസ്ഐ എന്ന വ്യാജേനയായിരുന്നു തട്ടിപ്പും ലഹരി ഇടപാടുകളും. പൊലീസ് പിടിയിലായ ലഹരി സംഘത്തിൽനിന്നും നേരത്തെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രതി. കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്ഐ ഇ റനീഷ് ഉൾപ്പെട്ട ഫറോക്ക് പൊലീസുമാണ് പ്രതിയെ പിടികൂടിയത്. ഫറോക്ക് എഎസ്ഐ ബിനോയ് രവി, സിപിഒ ബിനീഷ് ഫ്രാൻസിസ്, ആഷിദ്, കോഴിക്കോട് സിറ്റി ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ കെ അഖിലേഷ്, സിപിഒ സുനോജ്, സരുൺകുമാർ ലതീഷ്, ശ്രീശാന്ത്, അഭിജിത്ത്, തൗഫീഖ്, ദിനീഷ്, മഷ്ഹൂർ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.









0 comments