ഓണാവധിയും കഴിയുന്നു
ഇനിയും വേണം യൂണിഫോം

കോട്ടയം ഓണാവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കാൻ രണ്ടുദിവസങ്ങൾ മാത്രം ബാക്കി. ജില്ലയിലെ സർക്കാർ സ്‌കൂളിലെ യൂണിഫോം വിതരണം സർക്കാർ ഇനിയും പൂർത്തിയാക്കിയില്ല. മിക്ക സ്കൂളുകളിലും ആവശ്യത്തിന് തുണിയോ അർഹമായ ഫണ്ടോ ലഭ്യമാക്കാത്തതാണ് വിതരണം വൈകാൻ കാരണം. അധ്യയനവർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും ഏഴ്, എട്ട് ക്ലസുകളിലെ കുട്ടികൾക്ക് യൂണിഫോമിനായി നൽകുന്ന സ്‌പെഷ്യൽ അലവൻസ് വിതരണവും പൂർത്തിയാക്കിയില്ല. ഓൺലൈനായി കുട്ടികളുടെ വിവരങ്ങളും ആവശ്യമായ അളവും മുൻകൂട്ടി ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടും വിതരണം മന്ദഗതിയിലാണ്. പലയിടത്തും ഘട്ടംഘട്ടമായാണ് തുണി ലഭ്യമാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫെബ്രുവരിയിൽത്തന്നെ ഒന്നാംഘട്ട വിതരണം നടത്തി ഏപ്രിൽ, മേയ് മാസങ്ങളിൽ വിതരണം പൂർത്തിയാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ നടപടികൾ പൂർണമായും അവതാളത്തിലായി. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയും എയ്‌ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലുമാണ് സൗജന്യമായി യൂണിഫോം നൽകുന്നത്. ചില സ്കൂളുകളിൽ ആൺകുട്ടികൾക്ക് ഷർട്ടിനുള്ള തുണി ആദ്യം എത്തിയെങ്കിലും ട്രൗസറിനുള്ളത് എത്തിയില്ല. പെൺകുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. ചിലയിടങ്ങളിൽ എത്തിയ തുണിയുടെ അളവിൽ കുറവുണ്ടെന്നും നൽകിയ കളറിന് പകരം മറ്റൊരു കളറാണ് എത്തിയതെന്ന പരാതിയും ഉയരുന്നുണ്ട്. സാധാരണ സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് യൂണിഫോമിന് ഇളവ് നൽകാറുണ്ട്. ഇക്കുറി മാസങ്ങളായിട്ടും ഇളവ് തുടരുകയാണ്. യൂണിഫോം ഇല്ലാത്തതിനാൽ കുട്ടികളെ നിർബന്ധിക്കാനും പ്രഥമാധ്യാപകർക്ക് കഴിയുന്നില്ല. അതേസമയം പരാതി വ്യാപകമായതോടെ യൂണിഫോം ലഭിക്കാത്ത കുട്ടികളുടെ കണക്ക് വീണ്ടും ശേഖരിച്ചിട്ടുണ്ട്










0 comments