മിന്നൽ പ്രളയം: മരണസംഖ്യ 955 ആയി; അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് നേപ്പാൾ

image courtesy :PTI
കാഠ്മണ്ഡു: നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ കടുത്ത മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 955 ആയി ഉയർന്നതായി അധികൃതർ. പ്രളയത്തിൽ 5000ത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രളയത്തിൽ ഒഴുകിയെത്തിയ കനത്ത ചെളി അടിഞ്ഞുകൂടി ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾ അടഞ്ഞതോടെ, അതിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. വിവിധതുരങ്കങ്ങളിലായി 900ലധികം തൊഴിലാളികളെ കാണാതായിട്ടുണ്ട്.
നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ വിനാശകരമായ ഹിമാലയൻ പ്രളയം ഒരു സാധാരണ സംഭവമല്ലെന്നും, ആഗോള കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വൻ ദുരന്തമാണെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. അതിനാൽ നേപ്പാളിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"ഭോട്ടെ കോസി നദിയിലുണ്ടായ പ്രളയം സാധാരണ ഒന്നായിരുന്നില്ല. ദുരന്തം ഈ രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയൻ മേഖലയിൽ നേരിടുന്ന ഭീഷണികൾ വർധിച്ചുവരുന്നതിന്റെ തെളിവാണിത്. അതിനാൽ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്"— നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
നേപ്പാളിൽ 65,000-ഓളം ആളുകൾക്ക് ശുദ്ധജലം, ശുചിത്വം, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കാണാതായവരെക്കുറിച്ച് വിവരമൊന്നുമില്ലാതെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. ചൈനയിലെ ഗൈറോംഗ് മേഖലയിൽ കനത്ത മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ചൈനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് സമീപത്തെ തടാകങ്ങളിലെ ജലനിരപ്പ് ഉയർത്താൻ ഇടയാക്കും.










0 comments