വീട്ടിൽ അതിക്രമിച്ചുകയറി 40കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ടുപേർ കസ്റ്റഡിയിൽ

വിജയവാഡ: വീട്ടിൽ അതിക്രമിച്ചുകയറി 40-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സ്ത്രീയെ സ്വന്തം വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗുരുതരമായി ഉപദ്രവിക്കുകയും ചെയ്തത്. സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഗസ്റ്റ് 28 വെള്ളി രാത്രി സ്ത്രീ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കൾ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി അതിക്രമം നടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ അയൽവാസികൾ വിളിച്ചിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്ത്രീയെ പരിക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കും പരിശോധനകൾക്കുമായി വിജയവാഡ ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ നുന്ന സർക്കിൾ ഇൻസ്‌പെക്ടർ അഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ സംഹിത പ്രകാരം കൂട്ടബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സ്ത്രീയുടെ മൊഴി, സാക്ഷിമൊഴികൾ, വൈദ്യശാസ്ത്രപരമായ തെളിവുകൾ എന്നിവ ശേഖരിച്ച് സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.









0 comments