നേപ്പാളിൽ 1,594 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി, ഫയലുകളിൽ ഒപ്പുവെക്കാൻ ആളില്ല

കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയ നിയമനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി ബാലേന്ദ്ര ഷാ സര്‍ക്കാര്‍. 1,594 ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രത്യേക ഓര്‍ഡിനൻസിലൂടെ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതോടെ രാജ്യത്തെ പ്രധാന സർവകലാശാലകൾ, ആശുപത്രികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിങ്ങനെ പലയിടത്തും ഫയലുകളിൽ ഒപ്പുവെക്കാൻ ആളില്ലാതായി.
പ്രസിഡന്റ് രാംചന്ദ്ര പൗഡൽ ശനിയാഴ്ച ഒപ്പുവെച്ച 'പൊതു ഭാരവാഹികളെ നീക്കം ചെയ്യുന്ന പ്രത്യേക വ്യവസ്ഥകൾ - 2083' എന്ന ഓർഡിനൻസ് പ്രകാരമാണ് രാഷ്ട്രീയ നിയമനങ്ങളിലെ ശുദ്ധീകരണ നടപടി. നേരത്തെ ഭരണത്തിലിരുന്ന സര്‍ക്കാരുകൾ നടത്തിയ നിയമനങ്ങളാണ് ഇല്ലാതാക്കിയത്.
2025 സെപ്റ്റംബറിലെ 'ജെൻ ഇസഡ്' പ്രക്ഷോഭങ്ങൾക്ക് പിന്നാലെ മാർച്ചിലെ തെരഞ്ഞെടുപ്പിൽ 'രാഷ്ട്രീയ സ്വതന്ത്ര പാർട്ടി' (RSP) വൻ വിജയം നേടിയിരുന്നു. ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് 'ശുദ്ധീകരണ' നടപടികൾ തുടങ്ങിയത്. 2026 മാർച്ച് 26-ന് മുമ്പ് മുൻ സർക്കാരുകൾ നടത്തിയ എല്ലാ രാഷ്ട്രീയ നിയമനങ്ങളും ഓർഡിനൻസിലൂടെ റദ്ദാക്കി. കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ ആനുകൂല്യങ്ങളൊന്നും നൽകാതെയാണ് ഇവരെ മാറ്റിയത്.
നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി, ത്രിഭുവൻ സർവകലാശാല, ബി.പി. കൊയ്‌രാള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, നേപ്പാൾ എയർലൈൻസ് കോർപ്പറേഷൻ, ഗോർഖാപത്ര സൻസ്ഥാൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം ഇതോടെ നേതൃശൂന്യത റിപ്പോര്‍ട് ചെയ്തു.
ഭരണം തുടങ്ങി ഒരു മാസത്തിനകം ആഭ്യന്തര മന്ത്രി ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്, തൊഴിൽ മന്ത്രി ദീപ് കുമാർ ഷാ എന്നിവരെ അഴിമതിയാരോപണത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.
Related News
ഗവൺമെന്റ് നടപടി സുതാര്യത ഉറപ്പാക്കാനാണെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, ഭരണനിർവഹണത്തെ ഇത് സാരമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഒപ്പിടാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പലയിടത്തും ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് ആക്ഷേപം.
പുതിയ നിയമനങ്ങൾ നടത്തുന്നതിനുള്ള വ്യക്തമായ സമയക്രമമോ മാനദണ്ഡങ്ങളോ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുൻ സർക്കാരുകളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കി ഭരണയന്ത്രം നവീകരിക്കാനാണ് ബാലേന്ദ്ര ഷാ ലക്ഷ്യമിടുന്നത്.
2026-ലെ കണക്കനുസരിച്ച് നേപ്പാളിലെ ഏകദേശ ജനസംഖ്യ 3.04 കോടി (30,425,000) ആണ്. രാജ്യത്തെ ശരാശരി പ്രായം 25.7 വയസ്സാണ്. അതായത് നേപ്പാൾ യുവജനങ്ങളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലാണ്.










0 comments