വിയറ്റ്‌നാം പ്രസിഡന്റിന്റെ സന്ദർശനം
print edition ഇന്ത്യ– വിയറ്റ്‌നാം വ്യാപാരം 2.38 ലക്ഷം കോടിയായി ഉയർത്തും

രാഷ്ട്രപതി ഭവനിൽ വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിന് ആചാരപരമായ വരവേൽപ്പ് നൽകിയപ്പോൾ. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപം

സ്വന്തം ലേഖകൻ
Published on May 07, 2026, 02:31 AM | 1 min read
ന്യൂഡൽഹി: വിയറ്റ്‌നാമുമായുള്ള വ്യാപാരം 2030 ആകുന്പോഴേക്കും 2.38 ലക്ഷം കോടി രൂപയായി ഉയർത്താൻ ഇന്ത്യ. ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ടോ ലാമും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് തീരുമാനം. കമ്യൂണിസ്റ്റ് പാർടി ഓഫ് വിയറ്റ്‌നാമിന്റെ ജനറൽ സെക്രട്ടറി കൂടിയായ ടോ ലാം പ്രസിഡന്റായശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
13 ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡും(ഐആർഇഎൽ) വിയറ്റ്‌നാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ഓഫ് റേഡിയോ ആക്ടീവ് ആൻഡ് റെയർ എലമെന്റ്‌സും പരസ്പരം സഹകരിക്കും. 2026–30ൽ സാംസ്‌കാരിക വിനിമയ പരിപാടിക്കും ധാരണയായി. ഡിജിറ്റൽ പണമിടപാടിലെ നവീകരണത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്‌നാമും സഹകരിക്കും.
മെഡിക്കൽ ഉത്‌പന്ന നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിലും സഹകരണമുണ്ടാകും. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും ഹോ ചി മിൻ സിറ്റി പീപ്പിൾസ് കമ്മിറ്റിയും തമ്മിൽ സഹകരണം സ്ഥാപിക്കും. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
ഇന്ത്യൻ മുന്തിരി വിയറ്റ്‌നാമിലും വിയറ്റ്‌നാമീസ് ദുരിയാൻ(ആത്തച്ചക്ക) ഇന്ത്യയിലും എത്തും. ഇൻഡോ–പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ വിയറ്റ്‌നാം പങ്കാളിയാവുകയും ചെയ്തു. രാഷ്‌ട്രപതിയുമായും ടോ ലാം കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ടോ ലാം വ്യാഴാഴ്‌ച മടങ്ങും.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ആര്‍ അരുണ്‍കുമാറുമായും ടോ ലാം കൂടിക്കാഴ്ച നടത്തി.










0 comments