ad
Deshabhimani

ചന്ദ്രനെ വലംവെച്ച് ആർട്ടെമിസ് 2; ദൗത്യം വിജയകരം, പസഫിക്കിൽ സ്പ്ലാഷ് ലാൻഡിംഗ്

Artemis 2.jpg
വെബ് ഡെസ്ക്

Published on Apr 11, 2026, 06:29 AM | 1 min read

വാഷിംഗ്ടൺ: അൻപത് വർഷങ്ങൾക്കുശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 (Artemis II) പേടകം കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. സാൻ ഡീഗോയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു ആവേശം നിറഞ്ഞ സപ്ലാഷ്ഡൗൺ.


കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക്, കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുന്ന ആദ്യ മനുഷ്യസംഘമെന്ന ഖ്യാതി ഇവർക്ക് സ്വന്തമായി.


ഏപ്രിൽ 1-ന് ഫ്ലോറിഡയിൽ നിന്നായിരുന്നു പേടകത്തിന്റെ വിക്ഷേപണം.ചന്ദ്രന്റെ മറുഭാഗത്തുകൂടി സഞ്ചരിച്ച പേടകം ഭൂമിയിൽ നിന്ന് ഏകദേശം 4,06,771 കിലോമീറ്റർ ദൂരപരിധി പിന്നിട്ടു. മനുഷ്യൻ ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരമാണിത്. ശബ്ദത്തേക്കാൾ 33 മടങ്ങ് വേഗതയിൽ (Mach 33) അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിൽ പതിച്ചത്.


അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി. മുർത്ത എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചാരികളെ സ്വീകരിച്ചു. 2028-ൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള നാസയുടെ പദ്ധതികൾക്ക് ആർട്ടെമിസ് 2-ന്റെ വിജയം വലിയ കരുത്ത് പകരും. പേടകത്തിന്റെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ, നാവിഗേഷൻ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെല്ലാം ദൗത്യത്തിനിടെ വിജയകരമായി പരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home